ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു; ആരോപണം

By News Desk, Malabar News
New Controversy against health department
K.K Shailaja
Ajwa Travels

കോഴിക്കോട്: സംസ്‌ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി റിപ്പോർട്ട്. കാനഡ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന് (പി.എച്ച്.ആർ.ഐ) വിവരങ്ങൾ കൈമാറുന്നതായാണ് ആരോപണം.

ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാരവൻ മാഗസിനാണ്പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്‌ഥരുടെയും പി.എച്ച്.ആർ.ഐ. പ്രതിനിധികളുടെയും ഇ-മെയിലുകളും റിപ്പോർട്ടിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ തന്നെ ഈ ആരോപണം സർക്കാരിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഒരു വിവരവും കനേഡിയൻ കമ്പനിക്ക് നൽകുന്നില്ലെന്നാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ കേരള സർക്കാർ പറഞ്ഞത് കള്ളമാണെന്നും ആരോഗ്യ സർവേക്ക് വേണ്ടി പി.എച്ച്.ആർ.ഐ. കോടികൾ മുടക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പി.എച്ച്.ആർ.ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥനായ രാജീവ് സദാനന്ദൻ, പി.എച്ച്.ആർ.ഐ തലവനും കാനഡയിലെ മക് മാസ്‌റ്റർ സർവകലാശാലയിലെ പ്രൊഫസറുമായ സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസറും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന എൻ.ജി.ഒ.യുടെ സെക്രട്ടറിയുമായ കെ. വിജയകുമാർ, അച്യുതമേനോൻ, സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്‌റ്റഡീസിലെ കെ.ആർ. തങ്കപ്പൻ എന്നിവരുടെ ഇ-മെയിലുകളാണ് കാരവൻ മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യ സർവേയിലെ വിവരങ്ങൾ പി.എച്ച്.ആർ.ഐക്ക് കൈമാറുന്നതിനെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ ഭീമമായ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചും ഇ-മെയിൽ സന്ദേശങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം പദ്ധതിക്കെതിരെ ഉയർന്നേക്കാവുന്ന രാഷ്‌ട്രീയ, മാദ്ധ്യമ നിരീക്ഷണത്തെക്കുറിച്ചും ഇവർ ചർച്ച ചെയ്‌തിരുന്നു.

യുഡിഎഫ് സർക്കാർ 2013-ൽ അവതരിപ്പിച്ച കെ.എച്ച്.ഒ.ബി.എസ്(കേരള ഹെൽത്ത് ഒബ്‌സർവേറ്ററി ആൻഡ് ബേസ് ലൈൻ സർവേ) ആണ് മറ്റൊരു പേരിൽ എൽഡിഎഫ് സർക്കാർ 2018-ൽ വീണ്ടും നടപ്പിലാക്കിയത്. പദ്ധതി അനുസരിച്ച് കേരളത്തിലെ പത്ത് ലക്ഷം പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ്, സ്‌റ്റേറ്റ് ഹെൽത്ത് സിസ്‌റ്റംസ് റിസോഴ്‌സ് സെന്റർ, ഇ-ഹെൽത്ത് കേരള എന്നിവയുടെ പിന്തുണയോടെയാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. കാനഡയിലെ മക് മാസ്‌റ്റർ സർവകലാശാലയെക്കുറിച്ചോ അതിന് കീഴിലെ പി.എച്ച്.ആർ.ഐയെക്കുറിച്ചോ ഉത്തരവിൽ പരാമർശിച്ചിരുന്നില്ല.

Also Read: വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്

സർവേയിൽ പി.എച്ച്.ആർ.ഐ.യുടെ പങ്കാളിത്തത്തെക്കുറിച്ച് 2019-ൽ വീണ്ടും വിവാദങ്ങളുയർന്നിരുന്നു. എന്നാൽ, വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സാങ്കേതിക സഹായം മാത്രമാണ് പി.എച്ച്.ആർ.ഐയിൽനിന്ന് തേടിയതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് ശേഖരിക്കുന്ന വിവരങ്ങൾ സ്‌റ്റേറ്റ് ഡേറ്റ സെന്ററിൽ സുരക്ഷിതമാണെന്നും കനേഡിയൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുകയാണെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെയും സംസ്‌ഥാന സർക്കാരിന്റെയും വിശദീകരണങ്ങൾ തെറ്റാണെന്ന് ആരോപിച്ച് കൊണ്ടാണ് റിപ്പോർട്ടിനൊപ്പം ഇ-മെയിലുകളും കാരവാൻ മാഗസിൻ പുറത്ത് വിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE