പോർട്ട് ബ്ളെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എങ്ങും കനത്ത മഴയും ശക്‌തമായ കാറ്റും തുടരുന്നു. അസാനി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് ആൻഡമാനിൽ ഇപ്പോൾ ശക്‌തമായ മഴയും കാറ്റും തുടരുന്നത്. ഇതേ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കൂടാതെ മൽസ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദ്വീപുകൾ തമ്മിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുള്ള കപ്പൽ ഗതാഗതവും നാളെ വരെ നിർത്തി വച്ചിരിക്കുകയാണ്. കൂടാതെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ 150 അംഗങ്ങളെ വിവിധ സ്‌ഥലങ്ങളിൽ വിന്യസിച്ചു. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകുകയും, 6 ഇടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുകയും ചെയ്‌തിട്ടുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് അസാനി ചുഴലിക്കാറ്റായി ഇന്ന് മാറും. തുടർന്ന് ഇത് ബംഗ്ളാദേശ്, മ്യാൻമർ തീരം തൊടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്.
Read also: അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയേണ്ട; എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ ജില്ലാറാലി