ന്യൂഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്‌കാരം ഇന്നുനടക്കും. ജൻമനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്‌ചയിച്ചിരിക്കുന്നത്.
ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിൽ എത്തിച്ചിരുന്നു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ മൃതദേഹത്തിൽ അന്ത്യാഞ്‌ജലി അർപ്പിച്ചു. അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്‌തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരിൽ നാല് പേരുടെ മൃതദേഹം ഇന്ന് ജൻമനാട്ടിലേക്ക് അയക്കും. സംയുക്‌ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്‌ചക്കുള്ളിൽ തയ്യാറായേക്കും. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്.
വിദേശ സാങ്കേതിക സഹായം ആവശ്യമാണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്‌ഥ, ഹെലികോപ്റ്റർ ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങിയ സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
Most Read: വിവാദ പരാമർശം; രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്