ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു

By News Desk, Malabar News
Bipin Rawat_accident
Ajwa Travels

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്.

ഹെലികോപ്‌ടർ തകർച്ചയെ കുറിച്ച് അന്വേഷണം നടത്തുന്ന വ്യോമസേനാ മേധാവി എയർ മാർഷൽ മാനവേന്ദ്ര സിങ് തുടർച്ചയായ രണ്ടാം ദിവസവും അപകട സ്‌ഥലം സന്ദർശിച്ചു. മരിച്ചവരോടുള്ള ആദര സൂചകമായി നീലഗിരി ജില്ലയിൽ കടകളടച്ച് പകൽ ഹർത്താൽ ആചരിക്കുകയാണ്.

റഷ്യൻ നിർമിത മി17വി5 ഹെലികോപ്‌ടർ തകർന്നുവീണാണ് സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ടത്. റഷ്യയിലെ കാസൻ ഹെലികോപ്‌ടേഴ്‌സ്‌ ആണ് ഈ ഹെലികോപ്‌ടർ നിർമിച്ചത്. കത്തിയമർന്ന ഹെലികോപ്‌ടറിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പിന്നീട് ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രത്തിൽ എത്തിച്ച് പരിശോധന തുടങ്ങി. റെക്കോർഡറിലുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിൽ തടസം നേരിടുകയാണെങ്കിൽ റഷ്യൻ വിദഗ്‌ധരെ വിളിച്ചു വരുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌ത സേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചു. പൊതുദര്‍ശനം തുടരുകയാണ്. സൈനിക മേധാവിക്കും ഭാര്യക്കും അന്തിമോപചാരം അർപ്പിക്കാനായി രാഷ്‌ട്രീയ, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌ഥാനപതികള്‍, സംസ്‌ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

രണ്ട് മണി വരെയാണ് പൊതുദര്‍ശനം നിശ്‌ചയിച്ചിരിക്കുന്നത്. പൊതുദര്‍ശനത്തിന് ശേഷം ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ മൃതദേഹങ്ങൾ സംസ്‌കരിക്കും.

Also Read: മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE