ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റു ചികിൽസയിലായിരുന്ന മൂന്ന് സൈനികരിൽ രണ്ടുപേരാണ് ഇന്ന് പുലർച്ചെ വീരമൃത്യു വരിച്ചത്.
രജൗരി മേഖലയിലെ താനാമണ്ഡിക്ക് സമീപമുള്ള ദേരാ കി ഖലിയിൽ ഇന്നലെ വൈകിട്ട് 3.45നാണ് രണ്ടു ആർമി ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കൊല്ലപ്പെട്ട സൈനികരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായി മേഖലയിൽ സൈന്യം വ്യാപക തിരച്ചിൽ നടത്തുകയാണ്.
സംഭവത്തെ തുടർന്ന് മേഖലയിൽ സൈനിക വിന്യാസം ശക്‌തമാക്കി. അതിർത്തികളിൽ ഉൾപ്പടെ വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്. മേഖലയിൽ ഭീകരരെ തുരത്താനുള്ള സംയുക്‌ത തിരച്ചിലിനായി പോയ സൈനിക സംഘത്തെ ഭീകരർ ഒളിഞ്ഞിരുന്നു ആക്രമിക്കുകയായിരുന്നു. രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്‌റ്റൻ ഉൾപ്പടെ രണ്ടുപേർ വീരമൃത്യു വരിച്ചിരുന്നു.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും