റോഹ്തക്ക്: ക്രിസ്‍ത്യന്‍ പള്ളികള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പോലീസ് എത്തി തടയുകയായിരുന്നു. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവരുടെ അതിക്രമം.
എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ”മറ്റേതൊരു ആരാധനാലയത്തെയും പോലെ ഭക്‌തിയോടെയാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ഞങ്ങള്‍ ആരെയും ഇവിടെ വരാന്‍ നിര്‍ബന്ധിച്ചിട്ടില്ല,” ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്‌റ്റര്‍ പറഞ്ഞു.
ചര്‍ച്ചില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയില്ലെന്നും റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു.
ആറ് വര്‍ഷത്തോളമായി ആളുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പള്ളിയില്‍ പ്രാർഥനാ യോഗങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം, ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങളില്‍ മുസ്‌ലിം, ക്രിസ്‍ത്യന്‍ ആരാധനാലയങ്ങൾക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകൾ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണ്.
Read also: വ്യാജ മാർക്ക് ഷീറ്റ്; ബിജെപി എംഎല്‍എയെ അയോഗ്യനാക്കി