പാലക്കാട്: മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ ഫായിദാ ബഷീർ. അഗ്‌നിശമന സേന സ്‌ഥലത്തെത്താൻ വൈകിയെന്നും അതിനാലാണ് തീ പടർന്നതെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഹോട്ടലും ഫയർസ്‌റ്റേഷനും തമ്മിൽ ആറ് കിലോമീറ്റർ ദൂരം മാത്രമാണെന്നും പത്ത് മിനിറ്റിനുള്ളിൽ എത്താവുന്നിടത്ത് ഒന്നര മണിക്കൂറിന് ശേഷമാണ് അഗ്‌നി ശമന സേന എത്തിയതെന്നും ഹോട്ടൽ ഉടമ ആരോപിച്ചു.
എന്നാൽ ഹോട്ടൽ ഉടമയുടെ ആരോപണം അഗ്‌നിശമന സേന നിഷേധിച്ചു. ലാൻഡ് ഫോൺ തകരാറിലായിരുന്നു എന്നും അതിനാൽ അറിയിപ്പ് കിട്ടാൻ വൈകിയെന്നുമാണ് സേനയുടെ വിശദീകരണം. അതേസമയം തീപിടുത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ് അറിയിച്ചു.
ഇന്ന് പുലർച്ചയോടെ ആയിരുന്നു നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തമുണ്ടായത്. കോട്ടക്കൽ സ്വദേശികളായ ഒരു സ്‍ത്രീയും പുരുഷനും അപകടത്തിൽ മരിച്ചിരുന്നു. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു. അബോധാവസ്‌ഥയിലുള്ള ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read also: ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്‌ക്കണം; സർക്കാർ നേഴ്‌സുമാർ