ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ

By Desk Reporter, Malabar News
Hindu Mahasabha protests in front of Lucknow Lulu mall; Heavy security
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ തുടങ്ങിയ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്‌കരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് വിവാ​ദമുണ്ടായത്. ശനിയാഴ്‌ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സ്‌ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കാവി പതാകകൾ ഉയർത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പോലീസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാൻ സജ്‌ജമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദർ കാണ്ഡം പാരായണം ചെയ്‌തതിന്‌ നാല് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. സെക്ഷൻ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

മാളിനുള്ളിൽ ചിലർ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്‌ച മാളിന് സമീപം ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ വലതുപക്ഷ സംഘടന പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും സമ്മതിച്ചില്ല.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലുലു മാൾ പ്രതിനിധികളുടെ പരാതിയിൽ കേസെടുത്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചതിനും നിരവധി അജ്‌ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാളിൽ മതപരമായ പ്രാർഥനകൾ അനുവദിക്കില്ലെന്ന് മാൾ അധികൃതർ നോട്ടീസ് പതിച്ചു.

ലഖ്‌നൗവിലെ ലുലു മാൾ ഞായറാഴ്‌ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉൽഘാടനം ചെയ്‌തത്‌. മലയാളിയായ ശതകോടീശ്വരൻ എംഎ യൂസഫ് അലിയുടെ അബുദാബി ആസ്‌ഥാനമായുള്ള ലുലു ഗ്രൂപ്പാണ് മാൾ തുറന്നത്.

Most Read:  ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE