ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം

By Desk Reporter, Malabar News
hindustan-petroleum-corporation
Ajwa Travels

കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം.

സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ അടക്കാൻ എച്ച്പിസിഎൽ ചെന്നൈ ഓഫീസിൽ നിന്ന് നിർദേശം പുറത്തിറങ്ങി.

കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് എലത്തൂരിലെ സംഭരണകേന്ദ്രത്തിൽ നിന്നാണ്.

തീരുമാനത്തിന്റെ ഭാഗമായി ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ ലോറികളുടെ എണ്ണം ക്രമീകരിച്ചു തുടങ്ങി. ദിവസേന 40ലധികം ടാങ്കർലോറികളിൽ ഇന്ധനം കൊണ്ടുപോയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ 30ൽ താഴെ ടാങ്കറുകളിലാണ് ഇന്ധനം അയക്കുന്നത്. എറണാകുളത്തു നിന്നാണ് മറ്റ് ടാങ്കറുകൾ ഇന്ധനം ശേഖരിക്കുന്നത്.

ഡിപ്പോയിൽ അറ്റകുറ്റപണികളും നവീകരണവും തുടങ്ങിയതോടെ സുരക്ഷയുടെ ഭാഗമായാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നത് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നവിവരം. എലത്തൂരിലെ ഡിപ്പോ അടക്കുന്നതോടെ എറണാകുളം ഇരുമ്പനത്ത് എത്തി ടാങ്കറുകൾക്ക് ഇനി പെട്രോളിയം ശേഖരിക്കേണ്ടിവരും.

ഡിപ്പോയിലേക്ക് ഗുഡ്‌സ് വാഗണുകളിൽ പെട്രോൾ എത്തിക്കുന്നത് നേരത്തെത്തന്നെ നിർത്തിയിരുന്നു. നിലവിൽ വലിയ ടാങ്കർ ലോറികളിലാണ് പെട്രോൾ എത്തിക്കുന്നത്. ഡീസൽ മാത്രമാണ് ചരക്ക് തീവണ്ടിയിൽ എത്തുന്നത്.

എലത്തൂരിലെ ഡിപ്പോയിൽ ഇന്ധനം സൂക്ഷിക്കുന്നതിന് ഭൂഗർഭസംഭരണി നിർമിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. അഗ്നി രക്ഷാസേനയുടെ വാഹനങ്ങൾക്ക് സുഖമമായി കടന്നുപോകാനുള്ള പാതയും സജ്‌ജമാക്കുന്നുണ്ട്.

അതേസമയം പയ്യന്നൂരിൽ ഹിന്ദുസ്‌ഥാൻ പെടോളിയം കോർപ്പറേഷൻ ഡിപ്പോ തുടങ്ങാനുള്ള പദ്ധതി വൈകും. കോർപ്പറേഷൻ ഇതിനായി കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ആണ് പദ്ധതി വൈകുന്നത്.

എലത്തൂർ ഡിപ്പോയുടെ പ്രവർത്തനം പയ്യന്നൂരിലേക്ക് മാറ്റാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. കാസർ​ഗോഡ്, കണ്ണൂർ വയനാട്, എന്നിവിടങ്ങളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാൻ ചരക്കുകൂലി കുറയുമെന്നതായിരുന്നു ഇത്തരമൊരു ആലോചനയിലേക്ക് കോർപ്പറേഷനെ എത്തിച്ചത്.

Malabar News:  കൈക്കൂലിക്കേസിൽ വനപാലകർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE