തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് ഇവർ.
വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും വാക്‌സിനേഷൻ സെന്ററിൽ പോയി കുത്തിവെപ്പ് എടുക്കാൻ കഴിയാത്ത വിഷയത്തിലും സർക്കാരിന്റെ കരുണ തേടുകയാണ് രോഗികൾ. പെൻഷൻ തുകയായ ആയിരം രൂപ ചെറിയ തുകയാണെങ്കിലും രോഗികൾക്കത് വലിയ ആശ്വാസമായിരുന്നു. കഠിനമായ ജോലികളൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ഇവരിൽ പലരും ദിവസവേതനത്തിനാണ് ജോലി ചെയ്‌തിരുന്നത്. മരുന്നിനുൾപ്പടെ വലിയ തുക ഓരോ മാസവും കണ്ടെത്തേണ്ടതുണ്ട്.
വൈറസ് ബാധയേൽക്കുമോ എന്ന ഭീതി വേറെയും. പ്രതിരോധ ശേഷി കുറവായതിനാൽ കോവിഡ് ബാധ നിയന്ത്രണ വിധേയമാകാതെ ഇവർക്ക് പുറത്തിറങ്ങാനും സാധിക്കില്ല. എച്ച്‌ഐവി ബാധിച്ചതിൽ പിന്നെ ഉറ്റവരാരും തുണയില്ലാത്തവരാണ് അധികവും. തിരിച്ചറിയപ്പെടും എന്നതിനാൽ വാക്‌സിനേഷൻ സെന്ററുകളിൽ പോയി കുത്തിവെപ്പ് എടുക്കാനാകില്ല.
സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുക എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. രോഗികൾക്ക് ഒരു മാസത്തെ പെൻഷൻ നൽകാൻ സർക്കാർ 80 ലക്ഷം രൂപയോളം കണ്ടെത്തേണ്ടി വരും.
Also Read: സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും