പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങവെ കാൽ വഴുതി കുഴിയിൽ വീണ രണ്ട് വീട്ടമ്മമാരെയും അഞ്ച് വയസുകാരനെയും അൽഭുതകരമായി രക്ഷപ്പെടുത്തി രണ്ട് കുട്ടികൾ. വാരണി പുഴയിൽ തടയണയുള്ള ഭാഗത്ത് കുളിക്കാനെത്തിയ ശാന്തമ്മ, രത്‌നമ്മ, ആദു എന്നിവരാണ് പുഴയിലെ കുഴിയിലേക്ക് വീണത്. മുങ്ങിത്താണ ഇവരെ അക്കരക്കാട് അരവിന്ദാക്ഷന്റെയും ശുഭയുടെയും മകൻ കെഎസ് അശ്വിൻ, കണ്ണന്റെയും സുനിതയുടെയും മകൻ കെ അശ്വിൻ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. ആദു എന്ന അഞ്ച് വയസുകാരൻ മുത്തശ്ശിയായ രത്‌നമ്മയുടെയും അയൽവാസിയായ ശാന്തമ്മയുടെയും കൂടെയാണ് പുഴയിൽ കുളിക്കാനെത്തിയത്. ആദു, ശാന്തമ്മയുടെ പുറത്ത് കയറിയിരുന്ന് വെള്ളത്തിൽ കളിക്കുന്നതിനിടെ പെട്ടന്ന് കാൽവഴുതി ഇരുവരും പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു.
ഇവർ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കടവിൽ ഇരിക്കുകയായിരുന്ന ആദുവിന്റെ മുത്തശ്ശിയും വെള്ളത്തിലേക്ക് ചാടി. എന്നാൽ അവരും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയാണ് ഉണ്ടായത്. ഈ സമയം സമീപത്തെ പാറയിൽ ഇരിക്കുകയായിരുന്ന അഞ്ചാം ക്‌ളാസുകാരൻ അശ്വിനും ആറാം ക്‌ളാസുകാരനായ അശ്വിനും സംഭവം കാണുകയും രക്ഷിക്കാനായി ഇറങ്ങുകയും ആയിരുന്നു.
പുഴയിലേക്ക് ചാടി സ്‌ത്രീകളെ ആദ്യം രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന ആദു അപ്പോഴും വെള്ളത്തിനടിയിൽ ആയിരുന്നു. അഞ്ചാം ക്‌ളാസുകാരൻ കെഎസ് അശ്വിൻ വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മൂന്ന് ജീവനുകൾ രക്ഷിച്ച ഈ കുട്ടികളെ അഭിനന്ദിക്കുകയാണ് നാട്ടുകാർ.
Most Read: കണ്ണൂരിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; സുരക്ഷ വർധിപ്പിക്കും