കണ്ണൂർ: ജില്ലയിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന് പോലീസ്. സിപിഐഎം-കോൺഗ്രസ് ഓഫിസുകൾ അക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷ കർശനമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉത്തരവിട്ടു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പോലീസ് പട്രോളിങ്ങും പരിശോധനയും വർധിപ്പിക്കും.
സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പോലീസ് ഉദ്യോഗസ്‌ഥരോടും അവധി റദ്ദാക്കി ഡ്യൂട്ടിയിൽ തിരിച്ചെത്താനും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് കോൺഗ്രസ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷ സാധ്യത രൂപപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ വിവിധ ജില്ലകളിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണവും കരി ഓയിൽ പ്രയോഗവും നടന്നിരുന്നു. ധീരജിന്റെ സംസ്‌കാര ദിവസം മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത കോൺഗ്രസ് മേഖലാ കൺവെൻഷനിലേക്ക് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായിരുന്നു. ഇതുമൂലം, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Most Read: സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ