ആശുപത്രിയിൽ കിടന്ന ദേശ്‌മുഖ് എങ്ങനെ വാർത്താ സമ്മേളനം നടത്തി? പവാറിനോട് ബിജെപി

By Desk Reporter, Malabar News
Amit-Malavya
Ajwa Travels

മുംബൈ: മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപിയും പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യവും. പരംബീര്‍ സിങ് ആരോപണം ഉന്നയിച്ചിരിക്കുന്ന മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെ പിന്തുണക്കുന്ന നിലപാടാണ് ശരദ് പവാർ ഉൾപ്പടെയുള്ള എൻസിപി നേതാക്കൾ സ്വീകരിച്ചത്.

പോലീസ് കമ്മീഷണർ സ്‌ഥാനത്ത് നിന്ന് നീക്കിയതിലെ വൈരാഗ്യമാണ് പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന് പിന്നിലെന്ന വാദം ഉയർത്തിയാണ് എൻസിപി അനിൽ ദേശ്‌മുഖിനെ പിന്തുണച്ചു നിൽക്കുന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരംബീര്‍ സിങ്ങിനെ പോലീസ് കമ്മീഷണർ സ്‌ഥാനത്ത് നിന്ന് നീക്കിയത്. ആരോപണം സത്യമായിരുന്നെങ്കിൽ എന്തുകൊണ്ട് നേരത്തെ ഇക്കാര്യം പുറത്തു വിട്ടില്ലെന്നും സ്‌ഥാനം നഷ്‌ടപ്പെട്ടപ്പോൾ ഉണ്ടായ ദേഷ്യമാണ് ആരോപണത്തിന് പിന്നിലെന്നും എൻസിപി പറയുന്നു.

അനിൽ ദേശ്‌മുഖിനെ പിന്തുണച്ചും അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണങ്ങളെ തള്ളിയും എൻസിപി മേധാവി ശരദ് പവാർ ഇന്ന് രംഗത്ത് എത്തിയിരുന്നു. മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ കണ്ടുവെന്ന് പറയപ്പെടുന്ന ദിവസം അനിൽ ദേശ്‌മുഖ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു എന്നാണ് ശരദ് പവാർ ഇന്ന് പറഞ്ഞത്.

ഫെബ്രുവരി 5 മുതൽ 15വരെ അനിൽ ദേശ്‌മുഖ് ആശുപത്രിയിലായിരുന്നു. ഫെബ്രുവരി 16 മുതൽ 27വരെ നാഗ്‌പൂരിലെ വീട്ടിൽ അദ്ദേഹം ക്വാറന്റെയ്നിൽ കഴിയുക ആയിരുന്നു,”- എന്നാണ് ശരദ് പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ ഈ വാദങ്ങളുടെ മുനയൊടിക്കുകയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. “ഫെബ്രുവരി 5 മുതൽ 15 വരെ അനിൽ ദേശ്‌മുഖ് ആശുപത്രിയിൽ ആയിരുന്നുവെന്നും ഫെബ്രുവരി 16 മുതൽ 27 വരെ ക്വാറന്റെയ്നിൽ ആയിരുന്നുവെന്നും ശരദ് പവാർ അവകാശപ്പെടുന്നു. എന്നാൽ ഫെബ്രുവരി 15ന് അനിൽ ദേശ്‌മുഖ് പത്രസമ്മേളനം നടത്തിയിരുന്നു,”- അമിത് മാളവ്യ ട്വീറ്റ് ചെയ്‌തു.

പരംബീര്‍ സിങ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് കത്തിൽ ആരോപിക്കുന്നത്.

വാസെയെപ്പോലെ വിവിധ ഉദ്യോഗസ്‌ഥര്‍ക്ക് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്‌ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

Also Read:  ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE