തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് വിശപ്പുരഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തത് കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്നും അത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്ക് പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്.
നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പുരഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നേരത്തെ കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ ചൊല്ലിയും, അതിലെ വിഭവങ്ങളെ ചൊല്ലിയും മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്ത് എത്തിയത്.
Read Also: രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം