കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജ് പരസ്യമായി രംഗത്ത് വരികയും ഇതിന് പിന്നാലെ ജോജുവിന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ കൂടിയാണ് വിഡി സതീശന്‍ നിലപാട് വ്യക്‌തമാക്കിയത്.
എന്നാൽ, ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നും ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു.
മുണ്ടും മാടിക്കെട്ടി സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ജോജു. സ്‌ത്രീകളോട് അയാൾ അപമര്യാദയായി പെരുമാറി. ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി പോലീസ് സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് കൊച്ചിയിൽ ദേശീയപാത തടഞ്ഞുകൊണ്ടുള്ള കോൺഗ്രസിന്റെ ഉപരോധസമരം ആരംഭിച്ചത്. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തിയിട്ട ശേഷം താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസപ്പെട്ടു. ഇതിനിടെയാണ് കുരുക്കിൽപെട്ട നടൻ ജോജു ജോർജ് പുറത്തിറങ്ങി പ്രതിഷേധിച്ചത്. പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചു തകർക്കുകയായിരുന്നു.
കോൺഗ്രസിന്റെ ഉപരോധം കാരണം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ആശുപത്രിയിലേക്കും ഓഫിസ് ആവശ്യങ്ങൾക്കുമായി പോകുന്നവർ ഉൾപ്പടെ മണിക്കൂറുകളായി റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
Most Read: പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ; 1800 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും