ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത

By News Bureau, Malabar News
idukki dam

ഇടുക്കി: മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറണ്‍ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്.

പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്.

വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്‌റ്റിന്‍, ജില്ലാ കളക്‌ടർ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്.

അതേസമയം ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ അറിയിച്ചു.

റൂള്‍സ് കര്‍വ് അനുസരിച്ചാണ് ഡാം തുറക്കുന്നതെന്നും ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നും മന്ത്രി അറിയിച്ചു.

എറണാകുളം പറവൂരിൽ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സേന ആരംഭിച്ചു. ആലുവയിലും പറവൂരിലുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, ചൂര്‍ണിക്കര, ചെങ്ങമനാട്, പാറക്കടവ്, കീഴ്‌മാട്‌, ആലുവ വെസ്‌റ്റ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്‌ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.

Most Read: മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE