തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. തോക്കിന്റെ ഉറവിടവും, ആക്രമണത്തിന് ഇടയാക്കിയ കാരണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി എസ്‌പി കറുപ്പ് സ്വാമി അറിയിച്ചു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ് പ്രതി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെടിവെപ്പിൽ ബസ് കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (34) മരിച്ചിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റ് രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്‌റ്റഡിയിൽ എടുത്ത പ്രതി ഫിലിപ്പിന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി.
തലക്കും നെഞ്ചിലും വെടിയേറ്റ പ്രദീപ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്‌ടർമാർ പറയുന്നത്. പ്രദീപിന്റെ തലയിലെ മുറിവ് ഗുരുതരമാണ്. വെടിയുണ്ട കരളിൽ എത്തിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യുന്നത് ദുഷ്‌ക്കരമാണെന്നും മെഡിക്കൽ ബോർഡ് വ്യക്‌തമാക്കി. കരളിലെ വെടിയുണ്ട നീക്കം ചെയ്യുന്നത് രക്‌തസ്രാവത്തിന് കാരണമായേക്കാം എന്നതാണ് ശസ്‌ത്രക്രിയ ദുഷ്‌ക്കരമാക്കുന്നത്.
ഇയാളുടെ നെഞ്ചിലും, കൈകളിലും, വയറിലും മുറിവുകൾ ഉണ്ട്. ശസ്‌ത്രക്രിയയിലൂടെ ഒരു വെടിയുണ്ട നീക്കം ചെയ്‌തിട്ടുണ്ട്. നിലവിൽ പ്രദീപ് വെന്റിലേറ്ററിലാണ്. അതേസമയം, കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. ‘സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ തട്ടുകടയില്‍ പോയിട്ടില്ല. രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. സനൽ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നു’; സനലിന്റെ സുഹൃത്ത് വിഷ്‌ണുവിന്റെ പിതാവ് തങ്കച്ചൻ വ്യക്‌തമാക്കി.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഫിലിപ്പ് മാർട്ടിൻ വീട്ടിൽ പോയി തോക്കെടുത്ത് തിരികെ വരികയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതി കാറിലിരുന്ന് തുരുതുരാ വെടിവെച്ചതായും സംഭവം നേരിൽ കണ്ടവർ പറയുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് വ്യാജ തോക്കാണെന്നും കൊല്ലൻ നിർമിച്ച് നൽകിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read: ‘പ്രതികരിക്കാൻ വൈകി’; വിനായകന്റെ വിവാദ പരാമർശത്തിന് എതിരെ നവ്യ നായർ