ന്യൂഡെൽഹി : അടുത്ത 12 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന യാസിനെ നേരിടുന്നതിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ. തീവ്ര ചുഴലിക്കാറ്റാകുന്ന യാസ് പിന്നീട് അതിതീവ്ര ചുഴലിക്കാറ്റായി പാരാദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗതയിൽ ബുധനാഴ്‌ചയോടെ കരതൊടുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇപ്പോൾ യാസ് ചുഴലിക്കാറ്റായി മാറുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിൽ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി വലിയ തയ്യാറെടുപ്പുകളാണ് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ നടത്തിയത്. പശ്‌ചിമബംഗാൾ , ഒഡീഷ, ആന്ധ്ര എന്നീ സംസ്‌ഥാനങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്. ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും, ഒഡീഷയിലെ തീരപ്രദേശങ്ങളിൽ നിന്നും ഇതിനോടകം തന്നെ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.
ചുഴലിക്കാറ്റിനെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിലയിരുത്തി. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതും തീരങ്ങളിലെ ഓക്‌സിജൻ പ്ളാന്റുകളുടെ സുരക്ഷക്കും ഊന്നൽ നൽകണമെന്ന് അമിത് ഷാ നിർദ്ദേശം നൽകി. യോഗത്തിൽ പശ്‌ചിമബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണറും പങ്കെടുത്തു.
രക്ഷാ പ്രവർത്തനങ്ങൾക്കായി കര, നാവിക വ്യോമസേനകളും കോസ്‌റ്റ് ഗാർഡും രംഗത്തുണ്ട്. കൂടാതെ ദുരന്തനിവാരണ സേനയുടെ 100 സംഘങ്ങളെ 6 സംസ്‌ഥാനങ്ങളിലായി വിന്യസിപ്പിച്ചു. ന്യൂനമർദ്ദം തീവ്രചുഴലിക്കാറ്റായി മാറുന്നതോടെ ഒഡീഷ, പശ്‌ചിമബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ്. കൂടാതെ ജാർഖണ്ഡ്, ബീഹാർ ,അസം സിക്കിം സംസ്‌ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also : ലക്ഷ്വദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു