ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും ജയ്‌ശങ്കർ വ്യക്‌തമാക്കി. ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നേരത്തെ, ഹസീന ഇന്ത്യയിലെത്തിയ ബംഗ്ളാദേശ് വ്യോമസേനയുടെ സി- 130 ജെ വിമാനം ഹിൻഡൻ വ്യോമ വിമാനത്താവളത്തിൽ നിന്ന് പോയതായി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഈ വിമാനത്തിൽ ഹസീന ഉണ്ടായിരുന്നില്ലെന്നും അവർക്കൊപ്പം ഇന്ത്യയിലേക്ക് വന്ന ഏഴ് സൈനികർ രാജ്യത്തേക്ക് തിരികെ പോവുകയായിരുന്നുവെന്നും വാർത്താ ഏജൻസി എഎൻഐ റിപ്പോർട് ചെയ്‌തു.
ബംഗ്ളാദേശിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് മന്ത്രി സർവകക്ഷി യോഗത്തിൽ അറിയിച്ചു. ബംഗ്ളാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്‌ജു, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ബംഗ്ളാദേശുമായുള്ള അതിർത്തിയിൽ ബിഎസ്എഫ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തിയിലെ ബരാക് താഴ്‌വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പോലീസും ബിഎസ്‌എഫും ചേർന്ന് സുരക്ഷ ശക്‌തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ളാദേശുമായി അതിർത്തി പങ്കിടുന്നത്. അതിർത്തിയിൽ പട്രോളിങ് ശക്‌തമാക്കി. പ്രധാന ചെക്ക്‌പോസ്‌റ്റായ പെട്രോപോൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം