ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക് (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്‌താണ് രാഹുല്‍ ക്യാംപയിൻ ആരംഭിച്ചത്. ഇതിന് പിന്നാലെ ആയിരക്കണക്കിന് പേർ ഇത് ഏറ്റെടുക്കുക ആയിരുന്നു.
सबसे पहले ईमान बेचा और अब…#IndiaOnSale
— Rahul Gandhi (@RahulGandhi) August 25, 2021
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ക്യാംപയിന്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. 70 വര്‍ഷം കൊണ്ട് പൊതുപണം ചിലവഴിച്ച് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സ്വത്ത് നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്‌ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്‌തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടു വന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
Read Also: ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി