ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച അമേരിക്കയെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ അക്രമ സംഭവങ്ങൾ ഓർമിപ്പിച്ച് ഇന്ത്യയുടെ മറുപടി.
“ജനുവരി ആറിന് കാപ്പിറ്റോൾ ഹില്ലിൽ നടന്ന സംഭവങ്ങളിൽ ഉണ്ടായ തരത്തിലുള്ള വികാരവും പ്രതികരണങ്ങളും ജനുവരി 26ന് ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ഇന്ത്യയിലും ഉളവാക്കിയിട്ടുണ്ട്, കാപ്പിറ്റോളിലെ പ്രശ്‌നം പരിഹരിച്ചതുപോലെ പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി ഇതും പരിഹരിക്കപ്പെടും”- വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഇത്തരം പ്രതികരണങ്ങൾ ഇന്ത്യ പ്രാധാന്യത്തോടെ കാണുന്നു. ഇന്ത്യയും യുഎസും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ, കാർഷിക പരിഷ്‌കരണത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ യുഎസ് അംഗീകരിച്ചിട്ടുണ്ട് എന്നും പറഞ്ഞു.
കാർഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണക്കുമ്പോൾ തന്നെ കർഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണം എന്നു പറഞ്ഞു കൊണ്ട് കർഷകരേയും കേന്ദ്ര സർക്കാരിനേയും ഒരു പോലെ ഒപ്പം നിർത്തുന്ന പ്രതികരണമാണ് കർഷക സമരത്തിൽ യുഎസ് നടത്തിയത്.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും യുഎസ് പറഞ്ഞിരുന്നു.
Also Read: ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ