ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ കുറിച്ച് സഭയിൽ ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടി എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകി. കർഷകരെ കാണാൻ എത്തിയ 15 പ്രതിപക്ഷ എംപിമാരെ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ തടഞ്ഞിരുന്നു. ഇവരെ കർഷകരെ സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സ്‌പീക്കർക്ക് കത്ത് നൽകിയത്.
“ഡെൽഹി-ഗാസിപൂർ അതിർത്തിയിൽ എത്തിയ ഞങ്ങൾക്ക് അവിടം ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള അതിർത്തി പോലെയാണ് അനുഭവപ്പെട്ടത്. കർഷകരുടെ അവസ്‌ഥ ജയിലിലെ തടവുകാരുടേതിന് സമാനമാണ്”- സ്‌പീക്കർ ഓം ബിർളക്ക് നൽകിയ കത്തിൽ പറയുന്നു.
തങ്ങളെപ്പോലുള്ള തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ പ്രതിഷേധക്കാരെ കാണാൻ അനുവദിക്കാത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ പ്രതിപക്ഷ എംപിമാർ, ഇന്ത്യ ഒരു പോലീസ് രാജ്യമായി മാറിയോ എന്നും സ്‌പീക്കറോട് ചോദിച്ചു.
10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്നലെ ഗാസിപൂരിൽ എത്തിയത്. എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ അടുത്തേക്ക് പോകാൻ അനുവദിക്കാതെ ഡെൽഹി പോലീസ് എംപിമാരെ തടഞ്ഞു.
ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, നാഷണൽ കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) എംപി സുപ്രിയ സുലെ, ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് എന്നിവർ ഉൾപ്പടെയുള്ള സംഘം ബസിലാണ് ഗാസിപൂരിലേക്ക് പോയത്.
Also Read: നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്