ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ളാദേശ്, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് കോവിഡ് വാക്‌സിന്റെ കയറ്റുമതി ഇന്ത്യ ഇപ്പോൾ പുനഃരാരംഭിച്ചത്. രാജ്യത്ത് കോവിഡ് സ്‌ഥിതി ഗുരുതരമായതിന് പിന്നാലെ വാക്‌സിന്റെ കയറ്റുമതി ഇന്ത്യ നിർത്തി വച്ചിരുന്നു. തുടർന്ന് 8 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കയറ്റുമതി പുനഃരാരംഭിച്ചത്.
10 കോടി കോവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയും, രോഗവ്യാപനം നിയന്ത്രണ വിധേയമാകുകയും ചെയ്‌തതോടെ ഇന്ത്യയിൽ നിന്നും വാക്‌സിൻ കയറ്റുമതി പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്‌തമാക്കിയിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായിരുന്നു. രോഗവ്യാപനം ക്രമാതീതമായി ഉയർന്നതോടെ രാജ്യം വാക്‌സിൻ കയറ്റുമതി നിർത്തി വെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കും ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് കയറ്റുമതി പുനഃരാരംഭിച്ചത്.
Read also: ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി