ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ കൗറിന്റെ സംസ്‌കാരത്തിനിടെ സിഖ് വിഭാഗക്കാർ പ്രതിഷേധിച്ചു.
ജമ്മു കശ്‌മീരിൽ സിഖ് ,ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വിഭാഗീയത സൃഷ്‌ടിക്കാനുള്ള നീക്കമാണ് ഭീകരരുടേതെന്ന് ഇന്നലെ ജമ്മു കശ്‌മീർ ഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐഎസ്ഐ പിന്തുണയോടെ പാകിസ്‌ഥാൻ ഭീകര സംഘടനകള്‍ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്‌ത് ആയുധം നല്‍കി ആക്രമണം നടത്തുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന സുരക്ഷാ വിലയിരുത്തല്‍ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, ഐബി, ബിഎസ്എഫ്, സിആർപിഎഫ് മേധാവികളും പങ്കെടുത്തു. ജമ്മു കശ്‌മീരിലെ സാഹചര്യവും രാജ്യത്തിന്റെ പൊതു സുരക്ഷയും യോഗം വിലയിരുത്തി. അഞ്ച് ദിവസത്തിനിടെ ഏഴ് നാട്ടുകാരാണ് ജമ്മു കശ്‌മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്.
ഇന്നലെ ശ്രീനഗറിലെ സ്‌കൂളിലെത്തിയ ഭീകരർ തിരിച്ചറിയല്‍ കാർഡ് പരിശോധിച്ച ശേഷമായിരുന്നു സുപീന്ദർ കൗറിനെയും ദീപക് ചന്ദിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സുപീന്ദർ കൗറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നീതി ആവശ്യപ്പെട്ട് സിഖ് വിഭാഗത്തിൽപ്പെട്ട നാട്ടുകാർ പ്രതിഷേധിച്ചു. ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള സംഘടനയായ ടിആർഎഫ് ഇന്നലെ സ്‌കൂളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Read Also: ലഖിംപൂർ ഖേരി; ദിവസങ്ങൾക്ക് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു