കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം തുടരുന്ന എലത്തൂരില്‍ സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍സികെ സ്‌ഥാനാർഥിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഡിസിസിയില്‍ സമവായ യോഗം തുടങ്ങിയതിന് തൊട്ടുപിന്നാലെ എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഓഫീസിന് പുറത്ത് ബഹളം ആരംഭിച്ചു. ഡിസിസി ഭാരവാഹികള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും സമവായത്തിന് തയ്യാറല്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് എല്‍ഡിഎഫ് സ്‌ഥാനാർഥി. ശശീന്ദ്രനെതിരെ മികച്ച കോണ്‍ഗ്രസ് നേതാവിനെ നിര്‍ത്തിയാല്‍ വിജയിക്കാൻ സാധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. എന്നാല്‍ എന്‍സികെക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പിന് ഇടയാക്കിയത്.
എലത്തൂരില്‍ നിന്നും യുഡിഎഫിന്റെ ഭാഗമായ മൂന്ന് സ്‌ഥാനാർഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാണി സി കാപ്പന്റെ നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് കേരളയുടെ സ്‌ഥാനാർഥി സുള്‍ഫിക്കര്‍ മയൂരി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരും കോണ്‍ഗ്രസ് വിമതനായി കെപിസിസി എക്‌സിക്യൂട്ടീവ് അംഗം യുവി ദിനേശ് മണിയുമാണ് ഇവിടെ മൽസരിക്കുന്നത്. ഇവരിൽ ആര് പത്രിക പിന്‍വലിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്‌തമാകും.
Read also: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20യിൽ ചേർന്നു