എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ല എന്നും, സ്‌ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
ഹൈക്കോടതി വിധി പ്രകാരം റോഡ് ഉപരോധിക്കരുത് എന്നാണെന്നും, അതുകൊണ്ടാണ് താൻ സമരക്കാരോട് പോയി പറഞ്ഞതെന്നും ജോജു വ്യക്‌തമാക്കി. എന്നാൽ അതിനവർ പറഞ്ഞത് താൻ മദ്യപിച്ചിരുന്നെന്നാണ്. പക്ഷേ താൻ മദ്യപിച്ചിരുന്നില്ല എന്നും, തന്റെ അപ്പനെയും അമ്മയെയും വരെ അവർ തെറി പറഞ്ഞെന്നും ജോജു വ്യക്‌തമാക്കി. തന്നെ അവർക്ക് എന്തും പറയാമെന്നും, എന്നാൽ തന്റെ അപ്പനും അമ്മയും എന്ത് ചെയ്‌തെന്നും ചോദിച്ച അദ്ദേഹം ഇക്കാര്യത്തെ രാഷ്‌ട്രീയവൽക്കരിക്കരുതെന്നും കൂട്ടിച്ചേർത്തു.
‘ഇത് ഷോ അല്ല, എന്റെ പ്രതിഷേധമാണ്. അവർ കേസ് കൊടുക്കട്ടെ. ഞാൻ അതിനെ നേരിടും. അവർക്കെതിരെ പരാതി കൊടുക്കുകയും ചെയ്യും. കൂടാതെ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്ന് അവർ ഉന്നയിക്കുന്ന ആരോപണവും തെറ്റാണ്. ഞാൻ ഒരു സ്‌ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്‌ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാൻ പറ്റാതെ നിൽക്കുകയായിരുന്നു. ഇതിന്റെ പേരിലുള്ള സംസാരം കഴിഞ്ഞു. ഇനിയാരും ഇക്കാര്യം ചോദിക്കാൻ വിളിക്കരുത്” ജോജു പറഞ്ഞു.
ഇടപ്പള്ളി വൈറ്റിലയിലെ ദേശീയപാതയിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനക്കെതിരെ പ്രതിഷേധ സമരം നടക്കുന്നതിന് എതിരെയാണ് ജോജു ജോർജ് രംഗത്തെത്തിയത്. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപപെട്ടു. തുടർന്നാണ് സമരക്കാർക്കെതിരെ ജോജു രംഗത്തെത്തിയത്. അതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ അടിച്ചു തകർക്കുകയും ചെയ്‌തു.
ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പോലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും, സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയിട്ടാണെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്‌തമാക്കി. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പടെ താരം അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Read also: കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു