കൊച്ചി: ഹേമ കമ്മിറ്റി സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി ഹൈക്കോടതി. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. റിപ്പോർട് പുറത്തുവിടാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസ് വി.ജി അരുണാണ് വിധി പറഞ്ഞത്. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചവർക്ക് ഇത് കൈമാറാനുള്ള സമയം ഒരാഴ്‌ച കൂടി കോടതി നീട്ടി നൽകുകയും ചെയ്‌തു. റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്‌തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സജിമോൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. 2017ലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.
തുറന്നുപറച്ചിൽ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട്, പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്‌ഥയും നിർബന്ധമായും പുറത്തുവരണമെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവും (ഡബ്‌ള്യുസിസി) ആവശ്യപ്പെട്ടിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ