‘വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ ആക്രമിച്ചാൽ നോക്കിയിരിക്കില്ല’; കെ സുധാകരൻ

By Desk Reporter, Malabar News
Central government is playing politics with Rahul Gandhi's life
Ajwa Travels

കണ്ണൂർ: സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കൈയ്യും കെട്ടിനോക്കി നിൽക്കുമെന്ന് കരുതരുത് എന്നും സുധാകരൻ പറഞ്ഞു.

അണികളെ നിലക്ക് നിർത്താൻ സിപിഎം നേതൃത്വം തയ്യാറാകണം. കോൺഗ്രസ് പാർട്ടി ഓഫിസിനും നേതാക്കൾക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് ഭംഗിയായി നിറവേറ്റാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കിൽ അത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കോൺഗ്രസ് ഓഫിസുകൾക്കും പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ പോലീസ് ഒന്നും ചെയ്യുന്നില്ല; സുധാകരൻ ആരോപിച്ചു.

14 ജില്ലയിലും സിപിഎം അക്രമ പരമ്പരകൾ നടത്തി അഴിഞ്ഞാടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങളാണ് ഇതിനോടകം ഉണ്ടായത്. പൊതുമുതൽ നശിപ്പിക്കുന്ന സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രിയുടെ പോലീസ്. ജനപ്രതിനിധിയായ മാത്യൂ കുഴൽനാടൻ ഉൾപ്പടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ ഗുണ്ടകൾ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തി.

മൂവാറ്റുപുഴ ടിബിയിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മാത്യൂകുഴൽ നാടനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കൊല്ലം എംപി പ്രേമചന്ദ്രൻ, കായംകുളം യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അരിതാ ബാബു തുടങ്ങിയവർക്ക് എതിരെയും അതിക്രമം നടന്നുവെന്നും സുധാകരൻ പറഞ്ഞു.

കൊലപാതകങ്ങൾക്ക് കോൺഗ്രസ് പകരം ചോദിക്കാൻ ഇറങ്ങിയിരുന്നെങ്കിൽ കേരളത്തിൽ സിപിഎമ്മിന്റെ പൊടിപോലും കാണില്ലായിരുന്നു. അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോൺഗ്രസിന്റേത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്‌ഥാനമാണ് കോൺഗ്രസ്. തലക്ക് വെളിവില്ലാത്ത നേതാക്കളുള്ള സിപിഎമ്മിന് ജനാധിപത്യ മര്യാദ തീണ്ടാപ്പാട് അകലെയാണ്.

കലാപത്തിന്റെയും കൊലപാതക രാഷ്‌ട്രീയത്തിന്റെയും വക്‌താക്കളായ സിപിഎമ്മുകാർ ഇപ്പോൾ വ്യാപകമായി നുണപ്രചാരണം നടത്തി ഇടുക്കി കൊലപാതകത്തിന്റെ പേരിൽ കെപിസിസിയെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ്. ബോംബ് നിർമ്മാണവും ആയുധ ശേഖരണവും കുലത്തൊഴിലാക്കിയ പ്രസ്‌ഥാനമാണ് സിപിഎം. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇടുക്കി കൊലപാതകവുമായി ബന്ധപ്പെട്ട പച്ചയായ യാഥാർഥ്യം ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഈ സംഭവം നടന്ന അന്ന് തന്നെ കോളേജിലെ ചില വിദ്യാർഥികൾ മാദ്ധ്യമങ്ങളുമായി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കി കോളേജിലെ അനിഷ്‌ട സംഭവത്തിലേക്ക് നയിച്ച യാഥാർഥ്യം പുറത്തു വരാതിരിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. ഇടുക്കി കോളേജിലെ കൊലപാതകം ആകസ്‌മികമായി നടന്നതാണെന്ന് പോലീസ് സൂപ്രണ്ട് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാത്ത സിപിഎം അവരുടെ തിരക്കഥക്ക് അനുസരിച്ച് പെരുമാറാൻ എസ്‌പിയെ ഭീഷണിപ്പെടുത്തുകയാണ്; സുധാകരൻ പറഞ്ഞു.

Most Read:  രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE