കാഫിന്റെ ഓണം മെഗാഷോ രണ്ടു കോടി മലയാളികളിലേക്ക് എത്തിക്കും.

By Desk Reporter, Malabar News
KAF Event
Ajwa Travels

കോവിഡ് കാലത്ത് ഗുരുതര പ്രതിസന്ധിയിലേക്ക് പോയ സ്റ്റേജ് കലാകാരന്മാരെ സഹായിക്കാനായി സ്റ്റീഫന്‍ ദേവസ്യയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ‘കാഫ്’ (KAF-Kerala Artists Fraternity) എന്ന സംഘടന ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ കലാ ലോകത്തിന് ഒരു ആശ്രയമായി മാറുകയാണ്. കെപിഎസി ലളിതയും മഞ്ജുവാര്യരും സൂര്യാകൃഷ്ണമൂര്‍ത്തിയും ഹുസ്സൈന്‍ രണ്ടത്താണിയും സിജെ കുട്ടപ്പനും എന്‍.രാധാകൃഷ്ണന്‍ നായരും ഉള്‍പ്പടെയുള്ള പ്രമുഖര്‍ പിന്തുണക്കുന്ന പ്രസ്ഥാനമാണ് ഇന്ന് ‘കാഫ്’. സംഘടന, ഓണം ധന സമാഹരണാര്‍ത്ഥം നടത്തുന്ന ‘കാഫ് മെഗാ ഈവ്’ രണ്ടു കോടി മലയാളികളിലേക്ക് എത്തിക്കുമെന്ന് കാഫ് സ്ഥാപകാംഗവും, ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സിനോയ് ജോണ്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു പ്രളയങ്ങളും ഇപ്പോഴത്തെ കോവിഡ്19 മഹാമാരിയും ഒന്നിച്ച് വന്ന് ജീവിതം മുട്ടിച്ച സ്റ്റേജ് കലാകാരന്മാരില്‍ പലരുടെയും അവസ്ഥ ദയനീയമാണ്. ഇവര്‍ക്ക് ഓണത്തിന് ഒരു ചെറുകൈ സഹായം എത്തിക്കാനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്. ദേശത്തും വിദേശത്തും സ്റ്റേജ് ഷോകള്‍ ഇല്ലാതായിട്ട് രണ്ടു വര്‍ഷമായി. സ്റ്റേജ് ഷോകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാര്‍ ഇപ്പോള്‍ തന്നെ വളരെയേറെ ബുദ്ധിമുട്ടിലാണ്. അഭിമാനം അവരെ കൈനീട്ടാന്‍ അനുവദിക്കുന്നില്ല എന്നതാണ് സത്യം. അവര്‍ക്ക് ഓണത്തിന് ഒരു ചെറിയ സഹായം എത്തിക്കാനുള്ള പണം കണ്ടെത്താനാണ് ഇടുക്കി ജില്ലയിലെ കാഫിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്; ട്രഷറര്‍ ജയരാജ് കട്ടപ്പന മലബാര്‍ ന്യൂസിനോട് പറഞ്ഞു.

കാഫിന്റെ ഇടുക്കി പ്രസിഡണ്ട് ബിനോ കട്ടപ്പനയുടെ വാക്കുകള്‍; അയ്യായിരത്തിലധികം സ്റ്റേജ് കലാകാരന്മാര്‍ യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നവരായി ഇപ്പോള്‍ തന്നെയുണ്ട്. ഈ നില തുടര്‍ന്നാല്‍ ഇതിനിയും കൂടും. പല വേദികളിലും നമ്മളെ ചിരിപ്പിച്ചിരുന്ന പലരുമിപ്പോള്‍ ദാരിദ്ര്യത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം. അവരെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. കാരണം അവരാണ് നമ്മുടെ അലസതയും അമര്‍ഷവും ദുഃഖവും മാറ്റി നമ്മെ ചിരിപ്പിച്ചിരുന്നത്. മുന്‍പ് എപ്പോഴോ ചിത്രീകരിച്ച കോമഡികള്‍ ടിവിക്ക് മുന്നിലിരുന്ന് കണ്ട് നാം ചിരിക്കുമ്പോള്‍, ഇവരില്‍ പലരും വീടുകളില്‍ ഒന്ന് കരയാന്‍ പോലുമാകാതെ ഇരിക്കുകയാണ്. ഇവരെ പറ്റാവുന്ന രീതിയില്‍ പിന്തുണക്കാനാണ് ഞങ്ങളുടെ എളിയ ശ്രമം. കാഫ് നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് അതിനൊരു തുടക്കമാണ്.

മോഹന്‍ലാല്‍ കാഫിനെ സംബന്ധിച്ച് പറയുന്നത് ഇവിടെ കേള്‍ക്കാം.

കാഫിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ സ്റ്റേജ് കലാകാരന്മാരുടെയും ജീവല്‍ പ്രശ്നങ്ങളെ കണ്ടെത്താനും നേരിടാനുമുള്ള പ്രവര്‍ത്തികള്‍ നടന്നു വരുന്നുണ്ട്. 14 ജില്ലകളിലും ഇതിനായുള്ള പ്രവര്‍ത്തകരും കമ്മിറ്റികളും മറ്റും രൂപം കൊണ്ട് കഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കാഫിലെ പാട്ടു മത്സരം’ എന്നൊരു പദ്ധതി ഇപ്പോള്‍ നടന്നു വരുന്നുണ്ട്. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് ഈ മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് KafIndia.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ബിജിബാല്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഇതിന്റെ വിധികര്‍ത്താക്കള്‍.

സ്റ്റീഫൻ ദേവസ്സി
സ്റ്റീഫൻ ദേവസ്സി
സ്ഥാപകൻ, മാനേജിങ് ട്രസ്റ്റി
കാഫ്

സ്റ്റേജ് കലാകാരന്മാരുടെ കോവിഡ് കാല പ്രതിസന്ധികളെ തരണം ചെയ്യുവാനും ഭാവിയിലേക്ക് അവര്‍ക്കൊരു കൈത്താങ്ങാകുവാനും വേണ്ടി പ്രവര്‍ത്തിക്കുന്ന കാഫിനെ പിന്തുണക്കണമെന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ സ്റ്റേജ് കലാകാരന്മാര്‍ക്കും ഓണക്കിറ്റ് എത്തിക്കുന്നതിന് വേണ്ടി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന ‘കാഫ് മെഗാ ഈവ്’ നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ സ്റ്റീഫന്‍ ദേവസ്യ പറഞ്ഞു.

ഷോചിത്രീകരണ സമയത്തെടുത്ത ചില ഫോട്ടോകള്‍. 

നിരവധി കലാകാരന്‍മാരെയും ടെക്‌നീഷ്യന്മാരെയും ഉള്‍പ്പെടുത്തി ചിത്രീകരിച്ചിരിക്കുന്ന ‘കാഫ് മെഗാ ഈവ്’ ചാനല്‍ ഷോ ആയി ഓണത്തിന് കേരളാ വിഷന്‍ ചാനലിലും ഇടുക്കി വിഷന്‍ ചാനലിലുമായി സംപ്രേക്ഷണം ചെയ്യും. ഇതോടൊപ്പം കാഫിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും, യൂടൂബിലും മറ്റ് ഓണ്‍ലൈന്‍ മീഡിയകള്‍ വഴിയും ഈ ഷോ ടെലികാസ്റ്റ് ചെയ്യും. ഇതിലൂടെ രണ്ടു കോടി ആളുകളിലേക്ക് ഈ ഷോ എത്തിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിനോയ് ജോണ്‍ അറിയിച്ചു. ‘കാഫ് മെഗാ ഈവ്’ന് ടൈറ്റില്‍ സ്‌പോണ്‍സര്‍, കോ-സ്‌പോണ്‍സര്‍, പവേര്‍ഡ് സ്‌പോണ്‍സര്‍, പ്രോഗ്രാം സ്‌പോണ്‍സര്‍ എന്നീ കാറ്റഗറിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് താല്പര്യം ഉള്ളവര്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാനും ഇദ്ദേഹം പറഞ്ഞു. നമ്പറുകള്‍ ഇതാണ്; +91 6238925912 / +91 94475 11340.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് കാഫ് മെഗാ ഈവ്. സംഗീത, നൃത്ത, ഹാസ്യ പ്രധാനമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് കൊണ്ട്, പ്രേക്ഷകരുടെ സാന്നിദ്ധ്യമില്ലാതെ ചാനല്‍, ഓണ്‍ലൈന്‍ മീഡിയക്ക് വേണ്ടി മാത്രം ചിത്രീകരിച്ച ആദ്യ മെഗാഷോയാണ് ഇതെന്നും കാഫ് ഇടുക്കി പ്രസിഡണ്ട് ബിനോ കട്ടപ്പനയും, ഷോ ഡയറക്ടര്‍ ബിനു ഗ്രേസും പറഞ്ഞു.

കാഫിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Kafindia.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഷോയുടെ വിശദാംശങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ഇവരെയും ബന്ധപ്പെടാവുന്നതാണ്. ബിനു ഗ്രേസ്, ഷോ ഡയറക്റ്റര്‍ +91 8681861971 കാഫ് ഇടുക്കി പ്രസിഡണ്ട് ബിനോ കട്ടപ്പന +91 9656 141 655.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE