കളമശ്ശേരി: സ്വർണവും പണവും കൈക്കലാക്കാൻ റിയൽ എസ്‌റ്റേറ്റുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി (55) കൊല്ലപ്പെട്ടത്.
ജെയ്‌സിയുടെ പോസ്‌റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ജെയ്‌സിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. രണ്ട് പവന്റെ ആഭരണവും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടിരുന്നു. ജെയ്‌സി താമസിച്ചിരുന്ന കെട്ടിടത്തിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസമായിരുന്നു. എന്നാൽ, സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസിലായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി