കണ്ണൂർ: ജില്ലയിലെ കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിൽ പങ്കാളികളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വീണ്ടും മുന്നിട്ടിറങ്ങുന്നത്.
തദ്ദേശ സ്‌ഥാപനങ്ങളെ സഹകരിപ്പിച്ച് രണ്ട് മൊബൈല്‍ വാക്‌സിന്‍ യൂണിറ്റുകള്‍ ആരംഭിക്കാനാണ് തീരുമാനം. ജില്ലയിലെ 4,447 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മൊബൈല്‍ വാക്‌സിന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്.
ആരോഗ്യ വകുപ്പ്, എന്‍ആര്‍എച്ച്എം എന്നിവയുമായി സഹകരിച്ച് രണ്ട് വാഹനങ്ങള്‍ ഇതിനായി സജ്‌ജീകരിക്കും. പട്ടികവര്‍ഗ മേഖലകളിലും സമാന രീതിയില്‍ വാക്‌സിന്‍ എത്തിക്കാനുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നതെന്ന് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു.
നിരോധനാജ്‌ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഹോം ഡലിവറിയായി എത്തിക്കാനുള്ള നടപടികളും ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി നടപ്പാക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
Malabar News: കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു