തൃശൂര്‍: കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് 50 കോടി കേരളബാങ്കിൽ നിന്ന് എത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാലിതുകൊണ്ടൊന്നും പരിഹാരം എളുപ്പമാകില്ല എന്നാണ് പ്രാദേശിക അണികളുടെ പരാതി.
നിക്ഷേപകരുടെ നാലിലൊന്ന് പണം പോലും മടക്കി നൽകാനാകില്ലെന്നും ഇതുവലിയ പ്രതിസന്ധിയിലേക്കും ജില്ലയിൽ വലിയ പൊതുജന പ്രതിഷേധങ്ങളിലേക്കും എത്തുമെന്നും അണികൾ പാർട്ടിനേതാക്കളോടു വ്യക്‌തമാക്കി. നിക്ഷേപകര്‍ക്ക് കുറച്ച് തുക നല്‍കി പ്രശ്‌നം തണുപ്പിക്കാനാകില്ലെന്ന് അണികൾ കടുപ്പിച്ചുപറയുന്നു.
വ്യാഴാഴ്‌ച തൃശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ബാങ്ക് വൈസ് ചെയര്‍മാനും കേസില്‍ ആരോപണ വിധേയനുമായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗവുമായ എം കെ കണ്ണന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
വിഷയത്തില്‍ ജില്ലയിലെ മറ്റ് സിപിഎം നേതാക്കളില്‍ നിന്നും മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടിയിരുന്നു. അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് പണം വേണമെന്ന് ഈ കൂടികാഴ്ച്ചയിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് മുഖ്യമന്ത്രി കേരളാ ബാങ്കിനോട് 50 കോടി നൽകാൻ നിര്‍ദേശം നല്‍കിയത്. കേരളാ ബാങ്ക് മുടക്കുന്ന ഈ തുക പിന്നീട് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സമാഹരിച്ച് തിരികെ നൽകാനായിരുന്നു പദ്ധതി.
എന്നാല്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നിരവധി നിയമ തടസങ്ങളുണ്ട്. ഇത് സാധ്യമാകാൻ വർഷങ്ങൾ തെന്നെ വേണ്ടിവന്നേക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. അതേസമയം, പണം നഷ്‌ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്‌ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കണമെന്ന് പാര്‍ട്ടി ജില്ലാക്കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കുറച്ചെങ്കിലും പണം നൽകാതെ പുറത്തിറങ്ങാനാകാത്ത അവസ്‌ഥയിലാണ് നേതാക്കള്‍. സ്‌ഥിരനിക്ഷേപ കാലാവധി പൂര്‍ത്തിയായ അയ്യായിരത്തോളം പേര്‍ക്ക് വിതരണം ചെയ്യാന്‍ 150 കോടിയോളം വേണമെന്നാണ് കണക്കുകൾ പറയുന്നത്. ഇതുകൂടാതെയുള്ള നിക്ഷേപങ്ങള്‍ വേറെയുമുണ്ട്.
BUSINESS | കടം വീട്ടാന്‍ ബൈജൂസ്; ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ചേക്കും