കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറുകോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും, വ്യാജ ലോണുകൾ നൽകാൻ അന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹരജിയിലാണ് ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പി രാജീവ് വ്യാജ ലോണുകൾക്ക് സമ്മർദ്ദം ചെലുത്തിയെന്ന് കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്. സിപിഎം നേതാക്കളായ എസി മൊയ്‌തീൻ, പാലോളി മുഹമ്മദ്‌കുട്ടി എന്നിവർക്ക് എതിരേയും പരാമർശങ്ങളുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ കോടതി ഇഡിയോട് വിശദീകരണം തേടി. ഇതിന്റെ അടിസ്‌ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി രാജീവ് അടക്കമുള്ളവർക്ക് എതിരെ ഇഡി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ വലിയ സമ്മർദ്ദമുണ്ടായി. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരിൽ നിന്നാണ് സമ്മർദ്ദമുണ്ടായത്. ഈ കൂട്ടത്തിലാണ് പി രാജീവ് ഉൾപ്പടെയുള്ള നേതാക്കളുടെ പേരുള്ളത്. വിവിധ സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകളാണ് കരുവന്നൂരിൽ ഉണ്ടാക്കിയത്.
പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, പാർട്ടി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നീ പേരുകളിൽ പോലും തട്ടിപ്പ് നടത്തി. നൂറുകോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
Most Read| ശിവസേന തർക്കം; നിർണായക നീക്കവുമായി ഉദ്ധവ് പക്ഷം- സുപ്രീം കോടതിയെ സമീപിച്ചു