കശ്‌മീരിന്റെ അവകാശങ്ങൾ തിരികെ വേണം; പിഡിപിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള

By News Desk, Malabar News
Farooq abdullah Announces alliance
Representational Image
Ajwa Travels

ന്യൂഡെൽഹി: നാഷണൽ കോൺഫറൻസിന്റെ എതിരാളികളായ മെഹബൂബാ മുഫ്‌തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) ഉൾപ്പടെയുള്ള പ്രസ്‌ഥാനങ്ങളുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള. കശ്‌മീരിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ് 5 ന് മുമ്പ് കശ്‌മീരിലെ ജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്രസർക്കാർ തിരികെ നൽകണമെന്ന് സ്വവസതിയിൽ ചേർന്ന യോഗത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.

പീപ്പിൾ അലയൻസ് ഫോർ ഗുപ്‍കർ ഡിക്ളറേഷൻ എന്നാണ് സഖ്യത്തിന് നാമകരണം ചെയ്‌തിരിക്കുന്നത്‌. കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന കശ്‌മീരിലെ മുഖ്യധാരാ പാർട്ടികളുടെ സഖ്യമാണ് പ്രഖ്യാപിച്ചത്. നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ്, സിപിഎം തുടങ്ങിയ പാർട്ടികളാണ് സഖ്യത്തിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫാറൂഖ് അബ്‌ദുള്ള, അദ്ദേഹത്തിന്റെ മകൻ ഒമർ അബ്‌ദുള്ള, മെഹബൂബാ മുഫ്‌തി, പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പീപ്പിൾസ് മൂവ്മെന്റ് നേതാവ് ജാവേദ് മിർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന് ഫാറൂഖ് അബ്‌ദുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് കേന്ദ്രസർക്കാർ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്‌ഥാനത്തെ വിഭജിക്കുകയും ചെയ്‌തത്‌. ഇതിനു പിന്നാലെ ഫാറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, മെഹബൂബാ മുഫ്‌തി എന്നിവരടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്‌തിരുന്നു.

8 മാസത്തിന് ശേഷം ഒമർ അബ്‌ദുള്ളയെയും ഫാറൂഖ് അബ്‌ദുള്ളയെയും മോചിപ്പിച്ചെങ്കിലും മെഹബൂബാ മുഫ്‌തിയുടെ തടങ്കൽ അവസാനിച്ചത് ഒക്‌ടോബർ 13 നാണ്. പതിനാലര മാസത്തോളം മെഹബൂബാ മുഫ്‌തി തടങ്കലിൽ കഴിഞ്ഞു. മെഹബൂബാ മുഫ്‌തിയെ മോചിപ്പിച്ചതിനെ തുടർന്ന് ഫാറൂഖ് അബ്‌ദുള്ളയും മകനും അവരെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ സംയുക്‌ത യോഗത്തിലേക്ക് ക്ഷണം നൽകിയതും ഈ സന്ദർശനത്തിലൂടെയാണ്. ഒരുമിച്ച് നിന്ന് മാറ്റങ്ങൾ സാധ്യമാകുമെന്നും കശ്‌മീരിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഫാറൂഖ് അബ്‌ദുള്ളയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മുഫ്‌തി വ്യക്‌തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE