രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

By Syndicated , Malabar News
pinarayi-vijayan
പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കൊണ്ടാണ് ജനഹിതമെന്നും ഈ സന്തോഷമാണ് ഇന്ന് പങ്കുവെക്കാൻ ഉള്ളതെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പക്ഷേ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പ് വിജയം നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരാവകാശികള്‍ കേരള ജനതയാണ്. തിരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും കഴിഞ്ഞപ്പോഴും ഇപ്പോള്‍ അവസാനത്തെ വോട്ടെണ്ണുന്ന സമയം വരുന്നതിന് തൊട്ടുമുന്‍പിലും എല്ലാം ഒരേ നിലയാണ് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചിരുന്നത്.

അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് അത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് പറഞ്ഞ മറുപടി ഞങ്ങള്‍ ജനങ്ങളെ വിശ്വസിക്കുകയാണ്, ജനങ്ങള്‍ ഞങ്ങളേയും വിശ്വസിക്കുന്നുണ്ട്, കഴിഞ്ഞ തവണ നേടിയതിനേക്കാളും സീറ്റുകള്‍ എല്‍ഡിഎഫ് നേടും എന്നായിരുന്നു.

അത് തീര്‍ത്തും അന്വര്‍ഥമാകും വിധമാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. വിശദമായ കണക്കുകളിലേക്കും വിശകലനത്തിലേക്കും ഇപ്പോള്‍ പോകുന്നില്ല. പിന്നീട് അത് നമുക്ക് നടത്താം. എന്നാല്‍ നാം കാണേണ്ട കാര്യം കേരളത്തില്‍ തിരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളുമാണ് ഇവിടെ ഉണ്ടായത് എന്നതാണ്.

അതിന്റെ ഭാഗമായി പല രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായി. അതൊരു ഭാഗത്ത്. അതോടൊപ്പം തന്നെ നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് നമുക്ക് മുന്നോട്ടു പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാത്തിനേയും പ്രതിരോധിക്കാനും അതിജീവിക്കാനും നമുക്ക് കഴിഞ്ഞത്.

ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എൽഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് ഈ ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ നാം ഒരു സംസ്‌ഥാനമെന്ന നിലക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫിനാണ് കഴിയുക എന്ന പൊതുബോധ്യം ജനങ്ങള്‍ക്കുണ്ടായി എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

നമ്മുടെ നാട് നേരിടേണ്ടി വന്ന കെടുതികള്‍, അതിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമം ഇതെല്ലാം നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു ആപല്‍ഘട്ടത്തില്‍ നാടിനെ എങ്ങനെ നയിക്കുന്നു എന്നതിന്റെ നേരിട്ടുള്ള അനുഭവമുള്ളവരാണ് ജനങ്ങള്‍.

അതിലൂടെയാണ് നാടിന്റെ ഭാവിക്ക് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം എന്ന് അവര്‍ ഉറപ്പിച്ചത്; മുഖ്യമന്ത്രി പറഞ്ഞു.

Read also: കഴക്കൂട്ടത്ത് വിജയം നേടി കടകംപള്ളി സുരേന്ദ്രൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE