തിരുവനന്തപുരം: സീമാറ്റ് നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ ജോലി രാജിവെച്ചു. സംസ്‌ഥാന വിദ്യാഭ്യാസ ഭരണ പരിശീലന കേന്ദ്രത്തിലെ (സീമാറ്റ്-SIEMAT) റിസർച്ച് ഓഫീസർ തസ്‌തികയിൽ നിന്നാണ് ഇവർ രാജിവെച്ചത്. വെള്ളിയാഴ്‌ച രാജിക്കത്ത് സ്‌ഥാപന മേധാവിക്ക് കൈമാറി.
ജോലിക്ക് അപേക്ഷിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ, ബയോഡാറ്റ മാത്രം ഷാനിക്ക് ജോലി നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. കൃത്യമായ അറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നടത്തിയ ഇന്റർവ്യൂവിനെ കുറിച്ച് ഇവർ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം ഉയർന്നിരുന്നു.
ഇത്തരം ഒഴിവുകളിൽ പൊതുവെ നോട്ടിഫിക്കേഷൻ നൽകാറില്ലെന്നും, ഒരുവർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണ് വിജ്‌ഞാപനം ഇറക്കാതിരുന്നതെന്നും വ്യക്‌തമാക്കി സീമാറ്റ് ഡയറക്‌ടർ ആർ അരുൺ കുമാർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പിഎച്ച്ഡി യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നുവന്നത്.
റിസർച്ച് ഓഫീസർക്ക് വേണ്ട പിഎച്ച്ഡി യോഗ്യത ഷാനിക്ക് ഇല്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. നിയമന വിവാദത്തിൽ ബിആർഎം ഷഫീറിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. എൻജിഒ അസോസിയേഷൻ വേദിയിലടക്കം പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ച് ആർക്കും ജോലിയോ സ്‌ഥലമാറ്റമോ തരപ്പെടുത്തി നൽകില്ലെന്ന് മുൻപ് നിലപാടെടുത്ത് കയ്യടി നേടിയ ഷഫീറിന്, സ്വന്തം ഭാര്യയുടെ നിയമന കാര്യത്തിൽ കടുത്ത പ്രതിരോധത്തിലാകേണ്ടി വന്നു.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി






























