ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡെൽഹിയിൽ ഇന്നും തുടരും. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി ഡെൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള കവാടങ്ങൾ രാവിലെ ആറുമണിമുതൽ വൈകീട്ട് അടച്ചിരിക്കുന്നതെന്ന് ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ്, ബരാഖംബ റോഡ് എന്നിങ്ങനെ ആറ് മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. വോട്ടുകൊള്ളയും ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കണ്ട് വിഷയം ചർച്ച ചെയ്യാൻ നേതാക്കൾ സമയം നേടിയിരുന്നുവെങ്കിലും സമാന വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താൽ അനുമതി നിഷേധിക്കുകയായിരുന്നു. സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ നേതാക്കളെ കാണുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു.
ഇന്ന് വൈകീട്ടാണ് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുക. മാർച്ച് പോലീസ് തടയാനാണ് സാധ്യത. ഇടതു വിദ്യാർഥി സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങും. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പോലീസിനെ സമീപിക്കും. അതിനിടെ, ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































