ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്നും പ്രതിഷേധം തുടരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപിയും സംഘടനകളും പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ തലസ്‌ഥാനം അതീവ ജാഗ്രതയിലാണ്. പ്രതിഷേധം അടിച്ചമർത്താൻ ഡെൽഹി പോലീസ് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
രാവിലെ പത്തുമണിക്ക് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. ജന്തർ മന്തറിലോ പരിസര പ്രദേശങ്ങളിലോ പ്രവർത്തകർ കൂട്ടമായി എത്തിച്ചേരാനാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. ഡെൽഹി പോലീസ് എവിടെയാണോ തടയുന്നത്, ആ സ്‌ഥലം ‘ജന്തർ മന്തർ’ ആക്കി മാറ്റി സമരം ചെയ്യാനാണ് പ്രവർത്തകർക്ക് സിജെപി നൽകിയിരിക്കുന്ന നിർദ്ദേശം.
സിജെപി ദേശീയ കോർഡിനേറ്റർ ഇൻ ചാർജുമായ അജിങ്ക്യ ഷിണ്ഡെയുടെ നേതൃത്വത്തിലാണ് ഇന്നും പ്രതിഷേധങ്ങൾ നടക്കുക. പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ഡെൽഹി നഗരത്തിൽ 30,000 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ ആർഎഎഫ് അടക്കമുള്ള അർധസൈനിക വിഭാഗങ്ങളെയും ഡെൽഹിയിൽ കാവൽ നിർത്തിയിട്ടുണ്ട്.
അക്ബർ റോഡ്, ജൻപഥ് മാർഗ് തുടങ്ങിയ പ്രധാന പാതകളിൽ വലിയതോതിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ചാണ് പോലീസ്, വാഹനങ്ങളും ആളുകളെയും പരിശോധിച്ച് കടത്തിവിടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലേക്കുമുള്ള വഴികൾ പൂർണമായി അടയ്‌ക്കുകയും ജന്തർ മന്തറിലേക്ക് ആർക്കും പ്രവേശിക്കാൻ സാധിക്കാത്ത വിധം നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത വിവിധ സംഘടനകളിലെ പ്രവർത്തകരെ വിട്ടയച്ചിരുന്നു. സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ, ഇൻഫ്ളുവൻസർ ധ്രുവ് റാഠി, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവയെക്കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം പുറത്തുവിടണമെന്ന് സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി


































