മദീര: ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഔദ്യോഗികമായി സസ്പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്). യുവേഫ നേഷൻസ് ലീഗ് മൽസരങ്ങൾക്കിടെ അനുവാദമില്ലാതെ ദേശീയ ക്യാമ്പ് വിട്ടുപോയ സംഭവത്തിലാണ് നടപടി. താൽക്കാലിക വിലക്കാണ് താരത്തിന് ഏർപ്പെടുത്തിയത്.
പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മൽസരങ്ങളിലെ ടീം തിരഞ്ഞെടുപ്പിൽ റൊണാൾഡോ അസംതൃപ്തനായിരുന്നു എന്നാണ് റിപ്പോർട്. ദേശീയ ടീം പരിശീലകൻ യൊർഗെ ജെസ്യൂസുമായുണ്ടായ തർക്കത്തെ തുടർന്നാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്.
അനുവാദമില്ലാതെ ടീം ക്യാമ്പ് വിടുന്നത് ഫെഡറേഷന്റെ നിയമാവലി പ്രകാരം വിലക്കും പിഴയും കിട്ടാവുന്ന അച്ചടക്ക ലംഘനമാണ്. ഇത് പ്രകാരമാണ് റൊണാൾഡോയെ വിലക്കിയിരിക്കുന്നത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴിന് റിപ്പോർട് ചെയ്ത സംഭവങ്ങളുടെ അച്ചടക്കപരമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി, ഒക്ടോബർ ഒമ്പതിന് എഫ്പിഎഫിന്റെ നൺ-പ്രൊഫഷണൽ വിഭാഗം യോഗം ചേർന്നിരുന്നു. ഈ വിഭാഗത്തിന്റെ തീരുമാനപ്രകാരം റോണാൾഡോയ്ക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
നടപടികൾ ആരംഭിക്കുന്നത് വരെയുണ്ടായിരുന്ന താൽക്കാലിക സസ്പെൻഷന് പുറമെ, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് നോൺ- ഓട്ടോമാറ്റിക് താൽക്കാലിക സസ്പെൻഷനും ആദ്ദേഹത്തിനുമേൽ ചുമത്തിയിട്ടുണ്ട്. ഒക്ടോബർ പത്തിന് ഈ കേസ് എഫ്പിഎഫിന്റെ അച്ചടക്ക അന്വേഷണ സമിതിക്ക് കൈമാറി. അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് നിരോധിച്ചിട്ടുമുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!





































