പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്‌റ്റിലായിരുന്നു.
അതിജീവിതയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്‌ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ പലരും ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിനിടെ, സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട് തേടി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ഇന്ന് അറസ്‌റ്റിലായവരിൽ പ്ളസ് ടു വിദ്യാർഥിയും ഒരാഴ്‌ച മുൻപ് വിവാഹനിശ്‌ചയം കഴിഞ്ഞ വ്യക്‌തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നുണ്ട്. 64 പേർ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതിൽ 62 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13ആം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി.
പിന്നീട് നഗ്‌നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പ്രതികൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ശേഷം ആൺസുഹൃത്തിന്റെ കൂട്ടുകാർ, സഹപാഠികൾ, കായിക പരിശീലകർ, കായിക താരങ്ങൾ, സമീപവാസികൾ, പിതാവിന്റെ സുഹൃത്തുക്കൾ എന്നിവരിൽ നിന്നാണ് പീഡനം നേരിടേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി.
മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോൺ രാത്രി പെൺകുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരിൽ പെടുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂന്നുപേർ ഒന്നിച്ചുവിളിച്ചു കൊണ്ടുപോയി കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
പെൺകുട്ടിക്ക് അറിയാത്ത പല സ്‌ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറിൽ വെച്ചും സ്‌കൂളിൽ വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂൾതല കായികതാരമായ പെൺകുട്ടി ക്യാംപിൽ വെച്ചും പീഡനത്തിനിരയായി. വീഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പോലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പോലീസും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
പല സ്‌ഥലങ്ങളിൽ വെച്ച് നടന്ന പീഡനമായതിനാൽ അതാത് പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്‌റ്റർ ചെയ്‌താൽ മതിയെന്നാണ് തീരുമാനം. പെൺകുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പത്തനംതിട്ട പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മഹിളാ മന്ദിരത്തിലേക്ക് മാറ്റിയ കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും നൽകുന്നുണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും