തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞു തരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
ഇതോടൊപ്പം കാലടി സംസ്‌കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്‌ഥാനത്തേക്ക് രാജ്ഭവന് നൽകി. സർവകലാശാലകളിൽ രാഷ്‌ട്രീയ അതിപ്രസരമാണ് ഇതെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.
വൈസ് ചാൻസലറും, പ്രോ വൈസ് ചാൻസലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്‌കൃത സർവകലാശാലയിൽ ഇതാദ്യമാണ്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എംകെ ജയരാജിനാണ് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല.
ചരിത്രത്തിൽ ആദ്യമായാണ് സംസ്‌ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേ സർവകലാശാലയിൽ കാലാവധി നീട്ടി പുനർനിയമനം നൽകുന്നത്. കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകി കത്ത് നൽകിയത്. സർക്കാർ ശുപാർശ പ്രകാരമാണ് ഗവർണർ പുനർ നിയമനം അംഗീകരിച്ചത്.
Malabar News: ‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി