മലപ്പുറം: ദുഷ്‌ടലാക്കോടെയും സാമുദായിക ദ്രുവീകരണ ലക്ഷ്യത്തോടെയും നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മനുഷ്യനൻമക്കായി സമർപിതമായ ശ്രീ നാരായണ ദർശനങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
മനുഷ്യ സ്‌നേഹികളും സഹിഷ്‌ണുളുമായിരുന്ന ശ്രീനാരായണ പ്രസ്‌ഥാന നേതാക്കളെപോലും അപമാനിക്കുന്നതും പ്രസ്‌ഥാന പ്രസക്‌തിയെ തന്നെ ചോദ്യം ചെയ്യുന്നതുമായിപ്പോയി വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെന്നും അതിനാൽ അത് പിൻവലിച്ച് തെറ്റ് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്‌ഥാന ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ് മുസ്‌ലിംകള്‍. സര്‍ക്കാര്‍ സര്‍വീസിലോ ഇതര സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലൊന്നും അര്‍ഹമായ പ്രാതിനിധ്യം പോലും മുസ്‌ലിംകള്‍ക്കു ലഭ്യമായിട്ടില്ലെന്നതാണ് വസ്‌തുത. -സംഘടന വിശദീകരിച്ചു.
കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന പോലീസ് റിപ്പോര്‍ട്ട് നിലനിൽക്കെ, ലവ് ജിഹാദ് ഉണ്ടെന്ന പ്രചാരണം ഗുരുതരവും തെറ്റായ സന്ദേശം പരത്താനുള്ള നീചശ്രമവുമാണ്. ഇത്തരം കാര്യങ്ങളെ സമയോചിതം നിഷേധിക്കാനും കൂച്ച് വിലങ്ങിടാനും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തത്, ആശങ്കാജനകമാണ്. ഭരണ ഘടനാപരമായ അവകാശങ്ങളും പദ്ധതികളുടെ ഗുണവും മത-ജാതി-ഭാഷ തുടങ്ങിയ വൈജാത്യങ്ങൾക്കതീതമായി മുഴുവൻ പൗരൻമാർക്കുമുള്ളതാണ്. -സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.
മുസ്‌ലിംകൾക്ക് ആനുപാതികവും അർഹവുമായ അവസരങ്ങൾ നൽകാൻ ആഗ്രഹിക്കുക എന്ന മാനുഷികമായ സമീപനമെങ്കിലും സ്വീകരിക്കാൻ എല്ലാവരുമുണ്ടാകുമെന്നാണ് മുസ്‌ലിം സമൂഹം പ്രതീക്ഷിച്ചത്. സാംസ്‌കാരിക നായകരിൽ ചിലരൊഴികെ ഈ സാമുദായിക ധ്രുവീകരണ പ്രസ്‌താവന കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയുടെ പ്രത്യാഘാതം നമ്മുടെ സാമൂഹിക സമാധാന സാഹചര്യത്തിന് തന്നെ ഭീഷണിയാണ്. അതിനാൽ നിലവാരത്തിനൊക്കാത്ത തരംതാണ പ്രസ്‌താവനക്കാരെ അടക്കി നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കമ്മിറ്റി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ അധ്യക്ഷതയിൽ സംസ്‌ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ യോഗം ഉൽഘാടനം ചെയ്‌തു. കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, പൊൻമള മൊയ്‌തീൻകുട്ടി ബാഖവി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂർ, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അലവി കുട്ടി ഫൈസി എടക്കര, കെടി ത്വാഹിർ സഖാഫി മഞ്ചേരി, പിഎം മുസ്‌തഫ കോഡൂർ, മുഹമ്മദ് ഹാജി മൂന്നിയൂർ, കെപി ജമാൽ കരുളായ്, പികെ ബശീർ ഹാജി പടിക്കൽ, അലിയാർ ഹാജി വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.
HEALTH READ | ക്യാൻസർ രോഗികളിൽ കൂടുതലും 40 വയസിന് താഴെയുള്ളവർ