കേരളം മാതൃ-ശിശു സൗഹൃദമാക്കും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സമഗ്ര രൂപരേഖ; ആരോഗ്യമന്ത്രി

By Team Member, Malabar News
Veena George
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
Ajwa Travels

തിരുവനന്തപുരം : ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുന്നോടിയായി സംസ്‌ഥാനത്തെ മാതൃ-ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ശിശുരോഗ വിദഗ്‌ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്‌ഥരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

ഇതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളിലും ആശുപത്രികളിലും അമ്മമാര്‍ക്ക് സ്വകാര്യമായി മുലയൂട്ടാന്‍ ആവശ്യമായ സൗകര്യമൊരുക്കും. കൂടാതെ ആശുപത്രികളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാല്‍ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, കുപ്പിപ്പാല്‍ കൊടുക്കാതിരിക്കുക, അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും ഈ കാര്യങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് മാതൃശിശു സൗഹൃദത്തിന്റെ ഭാഗമായി ലക്ഷ്യം വെക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കുന്ന ആശുപത്രികള്‍ 2002ല്‍ 92 ശതമാനമായിരുന്നത് നിലവിൽ കുറഞ്ഞിട്ടുണ്ട്. കൂടാതെ 6 മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം സംസ്‌ഥാനത്ത് 55 ശതമാനത്തില്‍ താഴെ മാത്രമാണ്. മറ്റ് പല ആരോഗ്യ സൂചികകളിലും കേരളം ഒന്നാം സ്‌ഥാനത്ത് നില്‍ക്കുമ്പോഴാണ് ഇക്കാര്യത്തില്‍ പുറകോട്ട് പോയിരിക്കുന്നത്. അതിനാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും നിലവിൽ ശ്രമിക്കുന്നത്.

സംസ്‌ഥാനത്തെ പ്രസവങ്ങളില്‍ നല്ലൊരു ശതമാനവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. അതിനാൽ സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ പങ്കാളികളാക്കും. ആദിവാസി മേഖലകളിൽ മുലപ്പാലിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിന് ആശാവര്‍ക്കര്‍മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തും. കൂടാതെ കുട്ടികളുടെ ആദ്യത്തെ 1000 ദിനം ഏറെ പ്രധാനമാണ്. കുട്ടികളുടെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചക്കും, മരണ നിരക്ക് കുറക്കുന്നതിനും മുലയൂട്ടലിന് വളരെ പ്രധാന്യമുണ്ട്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരിട്ട് സന്ദേശം എത്തിക്കുന്നതിന് വേണ്ടി വനിത ശിശു വികസന വകുപ്പ് അങ്കണവാടി ജീവനക്കാരെ പൂര്‍ണമായി പ്രയോജനപ്പെടുത്തും. അതിനുള്ള മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സമ്പുഷ്‌ട കേരളം പദ്ധതിയുടേയും ഐസിഡിഎസിന്റെയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കും.

എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോക്‌ടർ രത്തന്‍ ഖേല്‍ക്കര്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർ ഡോക്‌ടർ തോമസ് മാത്യു, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോക്‌ടർ ശ്രീഹരി, അഡീഷണല്‍ ഡയറക്‌ടർ ഡോക്‌ടർ പ്രീത, ഡോക്‌ടർ പൈലി, ശിശുരോഗ വിദഗ്‌ധരായ ഡോക്‌ടർ അജിത് കൃഷ്‌ണന്‍, ഡോക്‌ടർ റിയാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Read also : മുഖംമിനുക്കി മോദി മന്ത്രിസഭ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE