മുഖംമിനുക്കി മോദി മന്ത്രിസഭ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

By News Desk, Malabar News

ന്യൂഡെൽഹി: അടിമുടി മാറ്റവുമായി മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ. പുനഃസംഘടനക്ക് ശേഷം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്.

മുൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന കൂടിയാണിത്. രവിശങ്കർ പ്രസാദും പ്രകാശ് ജാവദേക്കറും ഹർഷ്‌വർധനും അടക്കമുള്ള പ്രമുഖരെ പുറത്താക്കിയപ്പോൾ 11 വനിതകളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്‌തവരെ സഭയിൽ ഉൾപ്പെടുത്തി.

സർബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. അസമിലെ മുൻ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മധ്യപ്രദേശിൽ നിന്ന് ഏഴാം തവണയും ലോക്‌സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്‌ഞ ചെയ്‌തു.

തുടർന്ന്, ജനതാദൾ യു നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനുമായ ആർപിസി സിങ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി. ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനുമായ അശ്വിനി വൈഷ്‌ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമൻ. എൽജെപി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമൻ. ഇദ്ദേഹം ബിഹാറിലെ ജനസ്വാധീനമുള്ള നേതാവാണ്. ഇദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെതിരെ ചിരാഗ് പാസ്വാൻ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയില്ല.

നിലവിൽ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്‌ഥാനക്കയറ്റം കിട്ടി. ഇദ്ദേഹമാണ് എട്ടാമത് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ചടങ്ങ് പുരോഗമിക്കുകയാണ്.

Also Read: 11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE