തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജിയുടെ സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് മാത്രമാണ് പുറത്തുവന്നതെന്നും വിവാദങ്ങൾ സർക്കാരിനെ മാത്രമല്ല, കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിഎജിയുടെ സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം എന്നതിന് മറുപടിയുമായി കിഫ്ബി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട് നൽകിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം.
സിഎജി നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് മറുപടി നൽകിയെന്ന് വ്യക്‌തമാക്കിയ കിഫ്ബി മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കുറ്റപ്പെടുത്തി.
അതേസമയം സ്‌പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിഫ്ബിയുടെ വിശദീകരണത്തിൻമേൽ സിഎജി പരിശോധന നടത്തുകയാണ്.
ഇതിനിടെ വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നതെന്ന് ബിജെപിയും പ്രതികരിച്ചു.
Most Read: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി