പൊരുതാതെ കീഴടങ്ങി കെകെആര്‍

By Sports Desk , Malabar News
Ajwa Travels

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം.

കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍ ഒരിക്കല്‍ പോലും ഈ മത്സരത്തില്‍ പോരാട്ട വീര്യം പ്രകടിപ്പിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി ആര്‍സിബിയുടെ ബൗളര്‍മാര്‍ കെകെആറിന്റെ വിജയതൃഷ്‌ണ തല്ലിക്കെടുത്തി. നൈറ്റ് റൈഡേഴ്‌സിന് നാലാം ഓവറിലെ അവസാന പന്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായി. 12 പന്തില്‍ എട്ട് റണ്‍സെടുത്ത ടോം ബാന്‍ടനെ നവ്ദീപ് സെയ്‌നി ക്ലീന്‍ ബൗള്‍ ചെയ്‌തു. സുനില്‍ നരെയ്‌നു പകരമെത്തിയ ബാന്‍ടന് തന്റെ ആദ്യ കളിയില്‍ തിളങ്ങാനായില്ല.

മൂന്നാമനായി ക്രീസിലെത്തിയ നിതീഷ് റാണയോടൊപ്പം ഓപ്പണര്‍ ശുഭ് മാന്‍ ഗില്‍ പവര്‍ പ്ലേ തീരുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സെന്ന സ്‌കോറിലെത്തിച്ചു. എട്ടാം ഓവറിലെ നാലാം പന്തില്‍ കെകെആര്‍ സ്‌കോര്‍ ബോര്‍ഡ് 50 റണ്‍സിലെത്തി. എട്ടാം ഓവറിലെ അവസാന പന്തില്‍ നിതീഷ് റാണയെ പവലിയനിലേക്കയച്ച് വാഷിംഗ്‌ടൺ സുന്ദര്‍ കെകെആറിനെ ഞെട്ടിച്ചു. 14 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു റാണെയുടെ സമ്പാദ്യം.

ഫോമില്‍ കളിച്ചുവന്ന ഓപ്പണര്‍ ശുഭ് മാന്‍ ഗില്ലിനെ ഒമ്പതാം ഓവറിലെ ആദ്യപന്തില്‍ ലോംഗ് ഓണില്‍ ആരോണ്‍ ഫിഞ്ച് കൈവിട്ടു. എങ്കിലും ഗില്ലിന് അധികം ആയുസുണ്ടായില്ല. പത്താം ഓവറിലെ രണ്ടാം പന്തില്‍ ഇല്ലാത്ത റണ്ണിനോടിയ ഗില്‍ റണ്ണൗട്ടായി. 25 പന്തില്‍ 34 റണ്‍സുമായി ഗില്‍ പവലിയനിലേക്കു മടങ്ങുമ്പോള്‍ കെകെആറിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 55 റണ്‍സ്.

11ആം ഓവറിലെ മൂന്നാം പന്തില്‍ സ്‌കോര്‍ 62ല്‍ നില്‍ക്കെ കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ചഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ടു പന്തില്‍ ഒരു റണ്‍ മാത്രമായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. 12ആം ഓവറിലെ ആദ്യ പന്തില്‍ ഓയിന്‍ മോര്‍ഗനെ ഉദാനെയുടെ കൈകളിലെത്തിച്ച് സുന്ദര്‍ കെകെആറിന് അടുത്ത ഷോക്ക് നല്‍കി. 12 പന്തില്‍ എട്ടു റണ്‍സെടുത്ത് അഞ്ചാമനായി മോര്‍ഗന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ കേവലം 64 റണ്‍സ് മാത്രമാണുണ്ടായിരുന്നത്.

13ആം ഓവറിലെ മൂന്നാം പന്തില്‍ റസല്‍ നല്‍കിയ അനായാസ ക്യാച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ കൈവിട്ടുകളഞ്ഞു. ജീവന്‍ കിട്ടിയ റസല്‍ 14ആം ഓവറില്‍ ഉദാനയുടെ ആദ്യ മൂന്ന് പന്തുകളില്‍ ഒരു സിക്‌സും രണ്ടു ബൗണ്ടറിയും നേടി. എന്നാല്‍ അഞ്ചാം പന്തില്‍ റസലിനെ സിറാജിന്റെ കൈകളിലെത്തിച്ച് കെകെആറിന്റെ വിജയപ്രതീക്ഷയെ ഉദാന തല്ലിക്കെടുത്തി. 10 പന്തില്‍ 16 റണ്‍സുമായി റസല്‍ പുറത്താകുമ്പോള്‍ കെകെആര്‍ സ്‌കോര്‍ ബോര്‍ഡില്‍ 85 റണ്‍സാണുണ്ടായിരുന്നത്.

സ്‌കോര്‍ 89ല്‍ നില്‍ക്കെ പാറ്റ് കമ്മിന്‍സിനെ പടിക്കലിന്റെ കൈകളിലെത്തിച്ച് ക്രിസ്‌മോറിസ് കെകെആറിന്റെ ഏഴാം വിക്കറ്റും വീഴ്‌ത്തി. മൂന്ന് പന്തില്‍ നിന്നും കേവലം ഒരു റണ്‍ മാത്രമാണ് കമ്മിന്‍സ് നേടിയത്. കെകെആര്‍ സ്‌കോര്‍ 99ല്‍ എത്തിയപ്പോള്‍ രാഹുല്‍ ത്രിപാഠിയെ ക്രിസ്‌മോറിസിന്റെ കൈകളിലെത്തിച്ച് സിറാജ് തന്റെ ആദ്യവിക്കറ്റ് കരസ്ഥമാക്കി. 22 പന്തില്‍ 16 റണ്‍സാണ് ത്രിപാഠി നേടിയത്.

17.2 ഓവര്‍ പിന്നിട്ടപ്പോള്‍ എട്ടു വിക്കറ്റ് നഷ്‌ടമായ കെകെആര്‍ ടീമിന്റെ സ്‌കോര്‍ 100 റണ്‍സ് പിന്നിട്ടു. സ്‌കോര്‍ 108ല്‍ എത്തിനില്‍ക്കെ 19ആം ഓവറിലെ അവസാന പന്തില്‍ ക്രിസ്‌മോറിസ് കമലേഷ് നാഗര്‍കോട്ടിയെ ബൗള്‍ഡാക്കി. ഏഴു പന്തില്‍ കേവലം നാല് റണ്‍ മാത്രമാണ് നാഗര്‍കോട്ടിക്ക് നേടാനായത്.

നാലോവറില്‍ കേവലം 17 റണ്‍സ് മാത്രം വഴങ്ങിയ ക്രിസ്‌മോറിസും നാലോവറില്‍ 20 റണ്‍സ് വഴങ്ങി വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ചഹല്‍, സെയ്‌നി, ഉദാന, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആര്‍സിബി നിരയില്‍ ബൗള്‍ ചെയ്‌ത എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു എന്ന പ്രത്യേകതയും ഇന്നത്തെ മാച്ചിനുണ്ട്. ആര്‍സിബിക്കുവേണ്ടി ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായെത്തി വെടിക്കെട്ട് പ്രകടനത്തിലൂടെ 33 പന്തില്‍ 73 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സ് ആണ് മാന്‍ ഓഫ് ദി മാച്ച്.

Hathras News: നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE