കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്‌ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നും വ്യക്‌തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്.
കേസിലെ സാക്ഷി വിസ്‌താരം പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്. ഈ അപേക്ഷയും മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയും കോടതി ഇന്ന് പരിഗണിച്ചേക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെയാണ് അന്തിമവാദം ആരംഭിച്ചത്.
പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം പ്രതിഭാഗത്തിന്റെ വാദം. വിധി പ്രസ്‌താവിക്കുന്നതിന് മുമ്പായി ഇരുകൂട്ടർക്കും അന്തിമവാദം കോടതിക്ക് മുമ്പാകെ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. ഒരു മാസത്തിനുള്ളിൽ അന്തിമവാദ നടപടികൾ പൂർത്തിയാകും എന്നാണ് കരുതുന്നത്.
കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപ് കുറ്റവാളിയല്ല എന്ന മട്ടിൽ ആർ ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ അതിജീവിത പരാതി നൽകിയിരുന്നു. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗിമായി ആക്രമിക്കപ്പെട്ടത്.
ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. ദിലീപ് ഉൾപ്പടെ ഒമ്പത് പേർ കേസിൽ പ്രതികളായി. എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടെറെ വിവാദങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്