കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഉദ്യോഗസ്‌ഥർക്ക് എതിരായ നടപടി സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പടെ ചർച്ച നടത്തും.
ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ നിന്ന് ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നായിരുന്നു ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് ടെർമിനലിലെ 20 ശതമാനം തൂണുകളും നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എഞ്ചിനിയറെയും രൂപകൽപന ചെയ്‌ത ആർക്കിടെക്‌ടിനെയും അന്വേഷണ പരിധിയിൽ പരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നേരത്തേ നിർദ്ദേശം നൽകിയിരുന്നു.
അറ്റകുറ്റപണികൾ നടത്തി സമുച്ചയം ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് മാറ്റാനും തീരുമാനിച്ചു. ഇതുൾപ്പടെ ഇന്ന് ചർച്ച നടത്തും. 2015ൽ ഉൽഘാടനം ചെയ്‌ത ടെർമിനൽ ഓഗസ്‌റ്റിലാണ് 17 കോടി നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം വാടകയ്‌ക്കുമായി ആലിഫ് ബിൽഡേഴ്‌സിന് കൈമാറിയത്.
ആലിഫ് ബിൽഡേഴ്‌സിൽ നിന്ന് വാങ്ങിയ 17 കോടിക്ക് പുറമെ 13 കോടി രൂപ കൂടി കെട്ടിടം ബലപ്പെടുത്താൻ കെടിഡിഎഫ്‌സി മുടക്കണം. ആദ്യം തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതേസമയം, അറ്റകുറ്റ പണികളിൽ കാലതാമസം ഉണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് ആലിഫ് ബിൽഡേഴ്‌സ് എംഡി കെവി മൊയ്‌തീൻ കോയ അറിയിച്ചിട്ടുണ്ട്. കൂടാതെ, ബലക്ഷയം പരിഹരിക്കാനുള്ള ചിലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയതായും എംഡി പറഞ്ഞു.
Most Read: കൽക്കരി ക്ഷാമം; ഉത്തരേന്ത്യയിൽ വൈദ്യുതി ലഭ്യത കുറഞ്ഞു, രാജസ്‌ഥാനിൽ പവർകട്ട്