ജയ്‌പൂർ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്‌ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ രാജസ്‌ഥാനിലെ 10 നഗരങ്ങളിലാണ് പവര്‍ കട്ട് നടപ്പാക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം പവര്‍കട്ട് നടപ്പാക്കുന്ന ആദ്യ സംസ്‌ഥാനമാണ് രാജസ്‌ഥാന്‍.
വടക്കന്‍ സംസ്‌ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പല സംസ്‌ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് ആകെ ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലും മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഇന്ധന സ്‌റ്റോക്കുള്ളത്. ജാര്‍ഖണ്ഡിലും ബിഹാറിലും സ്‌ഥിതി രൂക്ഷമാണ്.
വൈദ്യുതി ക്ഷാമം ആന്ധ്രാപ്രദേശിനെയും ബാധിച്ചെന്നും പവര്‍ കട്ട് നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി പമ്പുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിളനാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്‌ഡി പ്രധാനമന്ത്രിക്ക് കത്തെഴുതി.
Read Also: ലഖിംപൂർ ഖേരി സംഭവം; വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റ് ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്