അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച്‌ കോടിയേരി

By Staff Reporter, Malabar News
kp anil kumar in cpim
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. ചുവന്ന ഷാള്‍ അണിയിച്ചായിരുന്നു സ്വീകരണം.

മതേതര- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനമെന്ന നിലയിൽ സിപിഐഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ അ​ഗ്രഹിക്കുന്നു എന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം. സംശുദ്ധമായ രാഷ്‌ട്രീയ പ്രവർത്തനം നടത്താനാണ് ആ​ഗ്രഹമെന്നും, അതിനുള്ള സാഹചര്യം സിപിഐഎമ്മിൽ മാത്രമാണ് ഉള്ളതെന്നും അനിൽ കുമാർ വ്യക്‌തമാക്കി.

പൊളിറ്റ് ബ്യൂറോ അം​ഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള, എംഎ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും അനില്‍ കുമാറിനെ സ്വീകരിക്കാന്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്നു.

അൽപസമയം മുൻപാണ് കോൺഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അദ്ദേഹം രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു.

ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്‌ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ പറഞ്ഞു.

അതേസമയം അനിൽ കുമാർ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. കെപി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു എന്നും അതിൽ പുനഃരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം കിട്ടാത്തതിൽ നിരാശാബോധം ഉണ്ടെന്നും പ്രസിഡണ്ട് ആക്കണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

എവി ഗോപിനാഥിനും പിഎസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006ലും 2011ലും നിയമസഭയിലേക്ക് മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Most Read: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE